തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കും; ചങ്കിടിപ്പോടെ ഓഹരി കമ്പോളം
മുംബൈ | ആറാഴ്ച നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്നത്തോടെ പൂർത്തിയാകുകയാണ്. വോട്ടെടുപ്പ് രാഷ്ട്രീയവ്യവസ്ഥയുമായി മാത്രമാണ് നേരിട്ടു ബന്ധപ്പെടുന്നതെന്ന് പറയുമ്പോഴും അത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് കൂടി നിർണായകമാണ്. സംഭവിക്കാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ ചങ്കിടിപ്പോടെയാണ് ധനകാര്യ കമ്പോളവും ഉറ്റു നോക്കുന്നത്. നാലിന് ഫലം വരുമ്പോൾ ധനകാര്യ കമ്പോളത്തിൽ പ്രത്യേകിച്ച് ഓഹരി കമ്പോളത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുക? മൂന്ന് സാഹചര്യങ്ങളെ മുൻ നിർത്തിയാണ് വിദഗ്ധർ ഇക്കാര്യം വിലയിരുത്തുന്നത്.
താമര തന്നെയെങ്കിൽ
പോളിംഗ് ശതമാനം കുറഞ്ഞത് ഭരണകക്ഷിക്കായിരിക്കും തിരിച്ചടിയുണ്ടാക്കുകയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മോദി ഇഫക്ട് തീരെ കാണുന്നില്ലെന്നാണ് നിരീക്ഷകരുടെ പക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 543ൽ 352 സീറ്റ് നേടിയാണ് മോദി സർക്കാർ ഭരണത്തുടർച്ച നേടിയത്. ബി ജെ പി മാത്രം 303 സീറ്റ് നേടി. ഈ കുതിപ്പ് ഇത്തവണയുണ്ടാകില്ലെന്ന് ഉറപ്പാണ്. എങ്കിലും ചില വാതുവെപ്പ് സംഘങ്ങളും നിരീക്ഷകരും ബി ജെ പി സഖ്യം നല്ല മാർജിനിൽ മൂന്നാമൂഴത്തിലെത്തുമെന്ന് പ്രവചിക്കുന്നുണ്ട്. അതാണ് സംഭവിക്കുന്നതെങ്കിൽ ഓഹരി മാർക്കറ്റിൽ വൻ കുതിപ്പുണ്ടാകും. വൻകിട അടിസ്ഥാന സൗകര്യ മേഖലയിൽ വൻതോതിലുള്ള സർക്കാർ മുതൽമുടക്കുണ്ടാകുമെന്ന പ്രതീക്ഷ കമ്പോളത്തിൽ ഉണർവുണ്ടാക്കുമെന്ന് ഐ ടി ഐ മ്യൂച്വൽ ഫണ്ട് മുഖ്യ ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ രാജേഷ് ഭാട്ടിയ പറഞ്ഞു. വ്യവസായികൾക്കുള്ള ഇളവുകൾ തുടരുമെന്നതും ഈ കുതിപ്പിന് കാരണമാകും. നയത്തുടർച്ചയാണ് മാർക്കറ്റിന് താത്പര്യമെന്നതും ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനമാണ്.
താമര വാടും, ഇന്ത്യ തിളങ്ങും
ബി ജെ പി അധികാരത്തിൽ വരും, കുറഞ്ഞ സീറ്റുകളോടെ എന്നതാണ് സംഭവിക്കുന്നതെങ്കിൽ മാർക്കറ്റിൽ വൻ ചാഞ്ചല്യമുണ്ടാകും. ഇത് പക്ഷേ, ഹ്രസ്വകാലത്തേക്ക് മാത്രമാകും. പിന്നീട് സ്ഥിരത കൈവരിക്കും. കുറഞ്ഞ സീറ്റുകളോടെ ബി ജെ പി തന്നെ അധികാരത്തിൽ വരികയെന്ന സാധ്യതയോട് കമ്പോളം സമരസപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്നാണ് ക്യാപിറ്റൽ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ഗൗരവ് ദുവ പറയുന്നത്. അതുകൊണ്ട് ശക്തമായ പ്രതിപക്ഷമുള്ള എൻ ഡി എ സർക്കാർ എന്നതാണ് പുലരാൻ പോകുന്ന പ്രവചനമെങ്കിൽ ഓഹരി വിപണിയിൽ വലിയ ഇടിച്ചിലോ വൻ കുതിപ്പോ പ്രകടമാകില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. 300ന് താഴെ സീറ്റോടെ നിലവിലെ സർക്കാർ തുടർന്നാൽ അത് കമ്പോളത്തിൽ ചലനമുണ്ടാക്കില്ലെന്ന് സാംകോ അസ്സറ്റ് മാനേജ്‌മെന്റിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ഉമേഷ് കുമാർ മേത്ത പറഞ്ഞു. രൂപയുടെ മൂല്യത്തിലും വലിയ ചാഞ്ചാട്ടമുണ്ടാകില്ല.
ബി ജെ പിക്ക് വൻ തിരിച്ചടിയെങ്കിൽ
ഇന്ത്യ സഖ്യത്തിന്റെ കുതിപ്പും ബി ജെ പിയുടെ അപ്രതീക്ഷിത പരാജയവുമാണ് സംഭവിക്കുന്നതെങ്കിൽ കമ്പോളത്തിൽ ഭ്രാന്തമായ വിൽപ്പനയുണ്ടാകും. പ്രധാന സൂചകങ്ങളിലെല്ലാം ഇടിവ് പ്രകടമാകും. പുതിയ സഖ്യ സർക്കാറിന്റെ നയങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നത് കൊണ്ടാണത്. ഇത്തരമൊരു സർക്കാറിന്റെ നയം എന്തായിരിക്കുമെന്ന ആശങ്കയും കമ്പോളത്തിൽ പ്രകടമായേക്കാം. കമ്പോളം എപ്പോഴും തുടർച്ചയാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ഭരണമാറ്റം താത്കാലികമായ പ്രതികരണം കമ്പോളത്തിലുണ്ടാക്കിയേക്കാമെന്ന് ഐ സി ഐ സി ഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് സീനിയർ ഫണ്ട് മാനേജർ മിത്തൽ കാലാവാഡിയ പറയുന്നു. ദീർഘകാലത്തെ നയങ്ങളിലേനെഗറ്റീവും പോസിറ്റീവും വ്യക്തമാകൂ. എന്നാൽ ഹ്രസ്വകാലത്തെ അനിശിചിതത്വം കമ്പോളത്തെ സ്വാധീനിക്കൂമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു സാഹചര്യത്തിൽ, സ്റ്റോക്ക് മാർക്കറ്റ് സൂചകങ്ങളിൽ പത്ത് ശതമാനത്തിന്റെ ഇടിവാണ് ഐ എഫ് എ ഗ്ലോബലിലെ അഭിഷേക് ഗോയങ്കെ പ്രവചിക്കുന്നത്.