ഹജ്ജ്: സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം; മക്കയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഹജ്ജ്: സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം; മക്കയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു
 

മക്ക| സോഷ്യല്‍ മീഡിയ വഴി വ്യാജ ഹജ്ജ് പ്രചാരണം നടത്തിയതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് താമസം, യാത്രാസൗകര്യം, ബലികര്‍മ്മം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു സോഷ്യല്‍ മീഡിയ വഴി പ്രചാരണം. സംഭവത്തില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സുരക്ഷിതവും നിയമാനുസൃതവുമായ ഹജ്ജ് കര്‍മ്മങ്ങള്‍ ഉറപ്പുവരുത്തണമെന്നും,ഔദ്യോഗിക ഹജ്ജ് ചട്ടങ്ങള്‍ പാലിക്കണെമന്നും രാജ്യത്തെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ കബളിപ്പിക്കുന്നവര്‍ക്കും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കനത്ത ശിക്ഷ ലഭിക്കുമെമെന്നും സഊദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യക്തമാക്കി.

സംശയാസ്പദമായ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ജാഗ്രത പാലിക്കാനും ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യാ പ്രദേശങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രവിശ്യയിലുള്ളവര്‍ 999 എന്ന നമ്പറിലും അറിയിക്കണെമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Previous Post Next Post