പഠിപ്പുള്ളവര്‍ രാഷ്ട്രീയത്തിലിറങ്ങണം; തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയെന്ന് നടന്‍ വിജയ്
തമിഴ് രാഷ്ട്രീയത്തില്‍ പ്രതിഭാദാരിദ്ര്യംമെന്ന് നടന്‍വിജയ് . മികച്ച ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അഭിഭാഷകരെയുമല്ല ഇന്ന് നാടിനാവശ്യം . മികച്ച നേതാക്കളെയാണ് . പഠനത്തില്‍ മികവുതെളിയിച്ചവര്‍ രാഷ്ട്രീയത്തിലിറങ്ങണം . തെറ്റും ശരിയും മനസിലാക്കിവേണം പുതുതലമുറ മുന്നോട്ടുപോകാന്‍ .നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഈ പ്രതികരണം.
സമൂഹമാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും വിജയ് പറഞ്ഞു. പലരാഷ്ട്രീയ സംഘടനകളും മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണങ്ങളെ വിവേകത്തോടെതിരിച്ചറിയണം.. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ. തമിഴ്നാട് നേരിടുന്ന ലഹരി മാഫിയയ്ക്കെതിരെയും താരം തുറന്നടിച്ചു. സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംപററി പ്ലഷേഴ്സ് എന്നു കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ചാണു വിജയ് പ്രസംഗം അവസാനിപ്പിച്ചത്. പരിപാടിക്കായി ചെന്നൈ പനയൂരിലെ ഹാളിലെത്തിയ വിജയ് ആദ്യം സ്റ്റേജിലേക്ക് കയറാതെ കുട്ടികള്‍ക്കൊപ്പമാണ് ഇരുന്നത്. തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ താരത്തെ കുട്ടികളും രക്ഷിതാക്കളും വലിയ കയ്യടികളോടെയാണ് വരവേറ്റത്.