അമ്മ സംഘടനയുടെ യോഗം ഇന്ന് കൊച്ചിയില്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ്
എറണാകുളം :താര സംഘടന അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും.ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കാണ് ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.സംഘടനയിൽ അംഗത്വമുള്ള 506 അംഗങ്ങൾ വോട്ട് ചെയ്‌താകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.അതേസമയം അമ്മയുടെ പ്രസിഡൻ്റ് ആയി മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എതിരില്ലാതെയാണ് മോഹൻലാൽ ഇത്തവണയും പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മോഹന്‍ലാലിൻ്റെ പേരുള്ള പത്രിക മാത്രമായിരുന്നു ലഭിച്ചത്.നടന്മാരായ സിദ്ദിഖ്, ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്.നേരത്തെ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്ന കുക്കു പരമേശ്വൻ എതിർ പക്ഷത്തിനൊപ്പം ചേർന്നാണ് മത്സരത്തിന് ഇറങ്ങുന്നത്.ഡബ്ല്യുസിസി സജീവമല്ലെങ്കിലും അവരുയർത്തുന്ന സ്ത്രീപക്ഷ നിലപാടിനെ പിന്തുണയ്ക്കുന്ന നിരവധി താരങ്ങൾ അമ്മ സംഘടനയിലുണ്ട്.ഇതടക്കം മത്സരത്തിൽ പ്രതിഫലിച്ചേക്കും.വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവരും മത്സര രംഗത്തുണ്ട്.ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംഘടനയുടെ രൂപീകരണ കാലം മുതൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച ഇടവേള ബാബു ഇത്തവണ സെക്രട്ടറി സ്ഥാനത്തേക്ക് ഇല്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.ജനറൽ ബോഡി യോഗത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നതും ഭാരവാഹി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ്.പ്രവർത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഭാരവാഹികളുടെ ഔദ്യോഗിക ചുമതല ഏറ്റെടുക്കലും ഇന്ന് നടക്കും. മൂന്ന് വർഷത്തിലൊരിക്കലാണ് താര സംഘടന അമ്മയുടെ പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗത്തിൽ വച്ച് തെരഞ്ഞെടുക്കുന്നത്