സീനിയർ ഗ്രൗണ്ട് സംരക്ഷിക്കണം; സമരത്തിനിറങ്ങാൻ യുവമോർച്ച
കടങ്ങോട് : പഞ്ചായത്തിലെ സീനിയർ ഗ്രൗണ്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരവുമായി യുവമോർച്ച രംഗത്ത്. കായിക താരങ്ങൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ഗ്രൗണ്ടിൽ വിവിധ സാമഗ്രികളും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. ടാർ മിക്സിങ് യൂണിറ്റും ടാറും മെറ്റലും മറ്റ് ഉത്പന്നങ്ങളും ഗ്രൗണ്ടിന്‍റെ വിവിധ ഭാഗത്തായി ഇട്ടിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ മാലിന്യവും ഗ്രൗണ്ടിൽ തള്ളിയ നിലയിലാണ്. ഓരോ വർഷവും ഗ്രൗണ്ടിനായി പദ്ധതി തയ്യാറാക്കുകയും തുക മാറ്റിവെയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും യാതൊരു പണിയും നടന്നിട്ടില്ല. നാട്ടുകാരും കായിക പ്രേമികളും പലതവണ നിവേദനം നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും യുവമോർച്ച ആരോപിച്ചു.
ടാർ മിക്സിങ് യൂണിറ്റ് ഉടൻ ഗ്രൗണ്ടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. യുവമോർച്ച എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് അഭിലാഷ് കടങ്ങോട് യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അഭിലാഷ് അധ്യക്ഷനായി. ജ്യോതിഷ്, വൈഷ്ണവ്, വൈശാഖ്, വിനീഷ്, അസി എന്നിവർ പ്രസംഗിച്ചു.