ബ്ലാസ്റ്റേഴ്‌സില്‍ അടിമുടി മാറ്റം; ഡെയ്‌സുകെ സകായിയും ക്ലബ്ബ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുതല്‍ പേര്‍ പടിയിറങ്ങുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായിയും ക്ലബ്ബ് വിട്ടു. സകായി ക്ലബ്ബ് വിടുന്നതായി ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ടീമിന് വേണ്ടിയുള്ള താരത്തിന്റെ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലാണ് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു.പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പടിയിറങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ വലിയ കൊഴിഞ്ഞുപോക്കാണ് ഉണ്ടാവുന്നത്. ഇവാന് പകരം ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് സ്വീഡിഷ് കോച്ച് മിക്കേല്‍ സ്റ്റാറേ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ സഹപരിശീലകന്‍ ഫ്രാങ്ക് ഡോവന്‍, ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ്, ഗോള്‍ കീപ്പര്‍മാരായ കരണ്‍ജിത്ത് സിങ്, ലാറ ശര്‍മ്മ എന്നിവരും ക്ലബ്ബ് വിട്ടു.