ക്യാൻസർ മരുന്നുകൾക്ക് ഇനി ലാഭമെടുക്കില്ല

ക്യാൻസർ മരുന്നുകൾക്ക് ഇനി ലാഭമെടുക്കില്ല

തിരുവനന്തപുരം | സംസ്ഥാനത്തെ ക്യാൻസർ മരുന്ന് വിപണിയിൽ നിർണായക തീരുമാനവുമായി കേരള സർക്കാർ. ക്യാൻസർ ചികിത്സക്കുള്ള മരുന്നുകളും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. കമ്പനികളിൽ നിന്ന് ലഭിക്കുന്ന അതേ വിലക്ക് മരുന്നുകൾ ലഭ്യമാക്കും.
സംസ്ഥാന സർക്കാറിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ(കെ എം എസ് സി എൽ) കാരുണ്യ ഫാർമസികൾ വഴിയാണ് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുക. 800 ഓളം വിവിധ മരുന്നുകളാണ് ലഭ്യമാകുക. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ച് കാരുണ്യ ഫാർമസികളിൽ “ലാഭരഹിത കൗണ്ടറുകൾ’ ആരംഭിക്കും. അടുത്ത മാസം മുതൽ തന്നെ ഇവ പ്രവർത്തനമാരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണുള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വില കുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് ക്യാൻസറിനും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്.
ക്യാൻസർ ചികിത്സാ, പ്രതിരോധ രംഗത്ത് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ആർ സി സിയിലും എം സി സിയിലും റോബോട്ടിക് സർജറി ആരംഭിച്ചു. പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ ക്യാൻസർ ചികിത്സക്കുള്ള സൗകര്യമൊരുക്കി. മലബാർ ക്യാൻസർ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച് ആയി ഉയർത്തി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം ക്യാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. പ്രിവന്റീവ് ക്ലിനിക്കുകളും ആരംഭിച്ചു. കുട്ടികളിലെ കണ്ണിന്റെ ക്യാൻസറിന് എം സി സിയിൽ നൂതന ചികിത്സാ സംവിധാനമൊരുക്കിയെന്നും മന്ത്രി വിശദീകരിച്ചു. സെർവിക്കൽ ക്യാൻസറിന് എതിരായുള്ള എച്ച് പി വി വാക്സീനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർ സി സിയില്‍ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് ടെസ്‌ല എം ആർ െഎ യൂനിറ്റും മൂന്ന് ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂനിറ്റും സ്ഥാപിച്ചു. സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക്തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്‌സി, പാപ് സ്മിയര്‍ സംവിധാനമൊരുക്കി വരുന്നു. ആദ്യഘട്ടത്തില്‍ എട്ട് ആശുപത്രികളില്‍ മാമോഗ്രാം സംവിധാനമൊരുക്കി. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവെക്കൽ ചികിത്സക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post