ഒറ്റത്തവണ ഉപയോഗ ബാഗ് നിരോധം; ആദ്യ ദിവസം ആശയക്കുഴപ്പം

ഒറ്റത്തവണ ഉപയോഗ ബാഗ് നിരോധം; ആദ്യ ദിവസം ആശയക്കുഴപ്പം
ദുബൈ | ദുബൈയില്‍ ഒറ്റത്തവണ ഉപയോഗ ബാഗുകള്‍ക്കുള്ള നിരോധം നിലവില്‍ വന്നു. ആദ്യ ദിവസം മിക്ക ഉപഭോക്താക്കള്‍ക്കും ആശയക്കുഴപ്പമായിരുന്നു. വീട്ടില്‍ നിന്ന് ബാഗ് എടുക്കാന്‍ മറന്നു. റീട്ടെയില്‍ കടകളില്‍ എത്തിയപ്പോള്‍ പ്രയാസത്തിലായി. എന്തൊക്കെ സാധനങ്ങള്‍ കൈയില്‍ പിടിച്ചുകൊണ്ടു പോകാമെന്നായി ചിന്ത. ചില ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പുനരുപയോഗ ബാഗുകള്‍ ലഭ്യമായിരുന്നു. ചിലയിടങ്ങളില്‍ കൈകള്‍ നിറയെ സാധനങ്ങളുമായി പോകുന്നവരെ കണ്ടു.

ദുബൈയില്‍ ഇന്നലെയാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, പേപ്പര്‍ ബാഗുകളുടെ നിരോധനം പ്രാബല്യത്തില്‍ വന്നത്. സൗജന്യ ബദലുകള്‍ നല്‍കാന്‍ കടകള്‍ ബാധ്യസ്ഥരല്ല. ശീലങ്ങള്‍ മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കടയുടമകള്‍ ചൂണ്ടിക്കാട്ടി. ചില റീട്ടെയിലര്‍മാര്‍ ഇടപാടുകാര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

‘പേപ്പര്‍ ബാഗുകളിലേക്ക് ഞങ്ങള്‍ മാറി (മള്‍ട്ടി-ഉപയോഗ സാധ്യത). ഈ ബാഗുകള്‍ രണ്ട് വലുപ്പത്തില്‍ (ചെറുതും വലുതും) ലഭ്യമാകും. ഇതിന് നിരക്ക് ഈടാക്കും.’ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വ്യക്തമാക്കി.

ഒറ്റത്തവണ ബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള നിര്‍ദേശം വ്യാപാര സ്ഥാപനങ്ങള്‍ പാലിക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഇത് ഇരട്ടിയാക്കും. നിയമം ലംഘിക്കുന്ന സ്റ്റോറുകളുടെ വിവരം ദുബൈ ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിനെ അറിയിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നഗരസഭാ മാര്‍ഗനിര്‍ദേശം അറബിയിലും ഇംഗ്ലീഷിലും ഓണ്‍ലൈനില്‍ ലഭ്യമാണ്.
Previous Post Next Post