ജബാലിയ തരിപ്പണമാക്കി ഇസ്റാഈൽ; ദുരന്ത ഭൂമിയിൽ നിന്ന് താത്കാലിക പിന്മാറ്റം
ഗസ്സ/ കൈറോ | ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ വടക്കൻ ഗസ്സയിലെ ജബാലിയ തകർത്തെറിഞ്ഞ് ഇസ്‌റാഈൽ. ഇരുപത് ദിവസത്തെ അതിക്രൂരമായ ആക്രമണത്തിനൊടുവിൽ ഇസ്‌റാഈൽ സൈന്യം ജബാലിയയിൽ നിന്ന് പിന്മാറി. അഭയാർഥി ക്യാമ്പിന്റെ എഴുപത് ശതമാനവും ദുരന്ത ഭൂമിയാക്കി മാറ്റിയാണ് ഇസ്‌റാഈലിന്റെ പിന്മാറ്റം. ആയിരത്തിലേറെ വീടുകളാണ് ഇവിടെ തകർന്നത്.
പ്രദേശത്ത് നിന്ന് ഹമാസിനെ പൂർണമായും തുടച്ചുനീക്കിയെന്ന് ഇസ്റാഈൽ അവകാശപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോഴാണ് ജബാലിയയിൽ വീണ്ടും കര, വ്യോമാക്രമണം ശക്തമാക്കിയത്. ഇരുനൂറിലേറെ വ്യോമാക്രമണങ്ങളാണ് ഇവിടെ നടത്തിയത്. ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിലൊന്നായ ജബാലിയയിൽ ഒരു ലക്ഷത്തിലധികം പേരാണ് കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും 1948ലെ അറബ്- ഇസ്റാഈൽ യുദ്ധത്തെ തുടർന്ന് ഇസ്റാഈലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭയാർഥികളായെത്തിയ ഫലസ്തീനികളുടെ പിൻമുറക്കാരാണ്.
സ്‌കൂളുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, പാർപ്പിടസമുച്ചയങ്ങൾ ഉൾപ്പെടെ ഇല്ലാതായതായി സിവിൽ ഡിഫൻസ് വക്താവ് മഹ്‌മൂദ് ബസൽ പറഞ്ഞു. ജബാലിയയിൽ ഓപറേഷൻ ലക്ഷ്യം കണ്ടതായും ആക്രമണം ഗസ്സയുടെ മറ്റ് ഭാഗങ്ങളിലേക്ക് കൂടുതൽ ശക്തമായ രീതിയിൽ വ്യാപിപ്പിക്കുമെന്നും ഇസ്‌റാഈൽ സൈന്യം അറിയിച്ചു. ജബാലിയയിൽ നിന്ന് താത്കാലികമായി പിന്മാറുമെങ്കിലും വടക്കൻ ഗസ്സയിൽ ആക്രമണം തുടരുമെന്ന സൂചനയാണ് ഇസ്‌റാഈൽ സൈന്യം നൽകുന്നത്.
മരണം 36,284
ഗസ്സയുടെ തെക്കൻ നഗരമായ റഫയിൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈൽ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ടാം മാസത്തിലേക്ക് കടക്കുന്ന ഇസ്‌റാഈൽ അധിനിവേശത്തിൽ ഇതുവരെ 36,284 പേരാണ് കൊല്ലപ്പെട്ടത്.
വളരെ പരിമിതമായ രീതിയിലുള്ള സഹായങ്ങൾ മാത്രമാണ് ഗസ്സയിലെത്തുന്നതെന്നും അത് ആളുകളിലേക്ക് എത്തുന്നില്ലെന്നും യു എൻ പറഞ്ഞു. ഗസ്സയിൽ മാനുഷിക സാഹചര്യം വളരെ മോശമായി തുടരുകയാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.