യൂറോകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന് ഇന്ന് തുടക്കം
ജർമ്മനി ഡെന്മാർക്കിനെ നേരിടും
ബെർലിൻ: യൂറോകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിന് ഇന്ന് തുടക്കം. ആതിഥേയരായ ജർമ്മനിയും ഡെന്മാർക്കും തമ്മിലാണ് പ്രീ ക്വാർട്ടറിലെ ആദ്യ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളി പോലും തോൽക്കാത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടുന്ന പോരാട്ടം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. സ്കോട്ലൻഡിനെയും ഹംഗറിയെയും വീഴ്ത്തുകയും സ്വിറ്റ്സർലൻഡുമായി സമനില പിടിക്കുകയും ചെയ്ത് ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ജർമ്മനി എത്തുന്നത്. എന്നാൽ, ഗ്രൂപ്പ് സിയിൽ സ്ലൊവേനിയ, ഇംഗ്ലണ്ട്, സെർബിയ ടീമുകൾക്കെതിരായ എല്ലാ കളികളും സമനില പിടിച്ചാണ് ഡെന്മാർക്ക് യോഗ്യത നേടിയത്.
2020ലെ കഴിഞ്ഞ യൂറോയിൽ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിന് മുന്നിൽ വീണായിരുന്നു ജർമനിയുടെ മടക്കം. 2014 ലോകകപ്പ് കിരീടം നേടിയ ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാനാവാത്ത ജർമ്മനിക്ക് കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യത്തിലില്ല. മികച്ച താരനിരയുണ്ടായിട്ടും 2016 യൂറോക്ക് ശേഷം മുൻനിര ടൂർണമെന്റുകളിലൊന്നിലും നോക്കൗട്ട് ജയിക്കാൻ ജർമ്മനിക്കായിട്ടില്ല. അതേ സമയം കഴിഞ്ഞ യൂറോയിലെ സെമിഫൈനലിസ്റ്റുകളാണ് ഡെന്മാർക്ക്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലിൽ ഡെന്മാർക്ക് തോറ്റത്.ലെവർകൂസൻ താരം ജൊനാഥൻ ടാഹിന് കളി വിലക്കും അന്റോണിയോ റൂഡിഗർക്ക് പരിക്കും വില്ലനായി നിൽക്കുന്നതാണ് ജർമ്മൻ നിരയിലെ വെല്ലുവിളി. ഡെന്മാർക്ക് നിരയിൽ മിഡ്ഫീൽഡർ മോർട്ടൻ ഹജൽമൻഡ് രണ്ട് മഞ്ഞ കാർഡുവാങ്ങി പ്രീ ക്വാർട്ടർ മത്സരത്തിൽ നിന്നും പുറത്തായിട്ടുണ്ട്