ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന; ടി ടി ഇക്ക് പകരം ഇനി റിസർവേഷൻ ക്ലാർക്കുമാർ

ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന; ടി ടി ഇക്ക് പകരം ഇനി റിസർവേഷൻ ക്ലാർക്കുമാർ

പാലക്കാട് | ട്രെയിനുകളിലെ ടിക്കറ്റ് പരിശോധന ടി ടി ഇമാർക്ക് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് നൽകാൻ റെയിൽവേ. ഇത് സംബന്ധിച്ച കത്ത് റെയിൽവേ മന്ത്രാലയം സോൺ മാനേജർക്ക് നൽകി. ഇനി മുതൽ റിസർവേഷൻ കോച്ചുകളിൽ ടി ടി ഇമാരുടെ സാന്നിധ്യമുറപ്പാക്കണമെന്നും ടിക്കറ്റ് പരിശോധനാ സംഘത്തിൽ ഇവരുടെ എണ്ണം കുറച്ച് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് ചുമതല നൽകണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് പരിശോധനക്കുപരി, ട്രെയിനുകളിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടി ടി ഇമാരുടെ ചുമതലയാണെന്ന് റെയിൽവേ പ്രിൻസിപ്പൽ എക്സി. ഡയറക്ടറുടെ കത്തിൽ പറയുന്നു. എന്നാൽ, ഈ ചുമതലക്കെതിരെ പലപ്പോഴും പരാതി ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കൂടുതൽ ടി ടി ഇമാരെ നിയോഗിക്കുന്നത്.

ടിക്കറ്റ് പരിശോധനാ സ്‌ക്വാഡുകളിൽ നിയോഗിക്കപ്പെടുന്ന ടി ടി ഇമാരുടെ എണ്ണം സബർബൻ സർവീസുകളുള്ള മേഖലകളിൽ 15 ശതമാനത്തിലും മറ്റു മേഖലകളിൽ ഏഴ് ശതമാനത്തിലും കൂടേണ്ടതില്ലെന്ന് കത്തിൽ പറയുന്നു. ബാക്കിയുള്ളവരെ ട്രെയിനുകളിൽ നിയോഗിക്കണം. റിസർവേഷൻ ക്ലാർക്കുമാരുടെ ലഭ്യത കണക്കുകൂട്ടി സ്റ്റേഷനുകളിലെ ടിക്കറ്റ് പരിശോധനാ ചുമതല അവരെ ഏൽപ്പിക്കണം.

സ്റ്റേഷനുകളിൽ ഈ ചുമതല വഹിച്ചിരുന്ന ടി ടി ഇമാരെ ട്രെയിനുകളിലേക്കു മാറ്റണം. ക്ലാർക്കുമാർക്ക് ടിക്കറ്റ് പരിശോധനാ പരിശീലനം നൽകണം.
ട്രെയിനുകളിൽ ടി ടി ഇമാരെ നിയോഗിക്കുന്നത് ടിക്കറ്റ് പരിശോധിച്ച് വരുമാനച്ചോർച്ച തടയാൻ മാത്രമല്ല, പൊതുജനത്തിന് ഇന്ത്യൻ റെയിൽവേയെപ്പറ്റിയുള്ള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. അത് നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് നിർദേശമെന്നാണ് റെയിൽവേ വാദം.

അതേസമയം തസ്തിക വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് റിസർവേഷൻ ക്ലാർക്കുമാർക്ക് പുതിയ ചുമതല നൽകുന്നതെന്ന് യൂനിയനുകൾ ആരോപിക്കുന്നു. പുതിയ നിർദേശത്തിനെതിരെ ടി ടി ഇമാരുടെ സംഘടനയും രംഗത്തു വന്നിട്ടുണ്ട്്.

കോച്ചുകളിൽ പലപ്പോഴും ആക്രമണം നേരിടുന്ന സാഹചര്യത്തിൽ ഇത് തടയാൻ റെയിൽവേ പോലീസിനെയുൾപ്പെടെ നിയമിക്കാതെയും മറ്റു സുരക്ഷാ മാർഗങ്ങൾ കൊണ്ടുവരാതെയും ടി ടി ഇമാർക്ക് ഈ ചുമതല നൽകിയിട്ട് യാതൊരു കാര്യവുമില്ല. സ്വജീവന് തന്നെ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ യാത്രികർക്ക് എങ്ങനെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് ഇവർ ചോദിക്കുന്നത്
Previous Post Next Post