മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു; നാല് വിദ്യാർഥികൾ ചികിത്സയിൽ
മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല. അതേ സമയം വള്ളിക്കുന്നിൽ മഞ്ഞപിത്ത വ്യാപനവും രൂക്ഷമാണ്. അത്താണിക്കലിൽ മാത്രം 284 പേർക്ക് രോഗം സ്ഥിരീകരിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.