പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്; സീറ്റ് നില ജൂലൈ രണ്ടിന് അറിയാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്; സീറ്റ് നില ജൂലൈ രണ്ടിന് അറിയാം
തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ജൂലൈ രണ്ടിന് ചൊവ്വാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

നേരത്തേ അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സീറ്റുനില പരിശോധിച്ച് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. സീറ്റൊഴിവുള്ള വിഷയത്തിലേ ഓപ്ഷന്‍ നല്‍കാവൂ. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സേ പരീക്ഷ ജയിച്ചവര്‍ക്കും പുതിയ അപേക്ഷ നല്‍കാം. സ്പോര്‍ട്സ്, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശനം തിങ്കളാഴ്ച പൂര്‍ത്തിയാകും. ഈ വിഭാഗങ്ങളില്‍ മിച്ചമുള്ള സീറ്റ് പൊതുമെറിറ്റിലേക്കു മാറ്റും. ഇതും മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനത്തിനു ശേഷം മിച്ചമുള്ള സീറ്റും ചേര്‍ത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുക.

മെറിറ്റില്‍ 41,222 ഉം സ്പോര്‍ട്സ് ക്വാട്ടയിലെ രണ്ടാം അലോട്ടമെന്റിനു ശേഷം 3,172 ഉം സീറ്റ് മിച്ചമുണ്ട്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റുകളിലെ അയ്യായിരത്തോളം സീറ്റെങ്കിലും പൊതുമെറിറ്റിലേക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ജൂലൈ 31 -ന് അവസാനിക്കും. അവസാന സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം ഇതേ ദിവസം വൈകീട്ട് അഞ്ചു വരെ സ്‌കൂളില്‍ ചേരാനാകും.
Previous Post Next Post