റേഷൻ വിതരണം: ഐ ടി മിഷനെ ഒഴിവാക്കൽ; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

റേഷൻ വിതരണം: ഐ ടി മിഷനെ ഒഴിവാക്കൽ; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം | റേഷൻ വിതരണത്തിൽ നിന്ന് ഐ ടി മിഷനെ ഒഴിവാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ സാങ്കേതിക സേവനം നൽകുന്നതിൽ നിന്ന് സംസ്ഥാന ഐ ടി മിഷനെ ഒഴിവാക്കാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചിരുന്നു.

എന്നാൽ ഇത് നയപരമായ തീരുമാനമാണെന്ന വിലയിരുത്തലിലാണ് അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രിക്ക് വിട്ടത്.റേഷൻ വിതരണവും മസ്റ്ററിംഗും തുടർച്ചയായി മുടങ്ങുകയും പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് ഐ ടി മിഷനെ ഒഴിവാക്കാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.

പകരം കേന്ദ്ര ഏജൻസിയായ എൻ ഐ സിയെ സാങ്കേതിക സേവനത്തിന് കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, നയപരമായ തീരുമാനമാണെന്ന വിലയിരുത്തലും, ഐ ടി മേഖലയിൽ മികച്ച മുന്നേറ്റമെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ ഐ ടി മിഷനെ ഒഴിവാക്കുന്നത് പ്രതിപക്ഷം ആയുധമാക്കുമെന്ന സന്ദേഹവുമുണ്ടായതോടെ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.

അതേസമയം, ഇന്നലെ ആരംഭിക്കാനിരുന്ന എൻ ഐ സിയുടെ ട്രയൽ റൺ മാറ്റിവെച്ചു.
എൻ ഐ സിയെ സർക്കാർ ട്രയൽ റണ്ണിന് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ട്രയൽ റൺ തുടങ്ങുമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണറും അറിയിച്ചിരുന്നു.
എന്നാൽ ഐ ടി മിഷനെ മാറ്റുന്നതിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെ ട്രയൽ റൺ മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി തുടർ നടപടി.
Previous Post Next Post