60 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നാൻ BJP, കര്‍മപദ്ധതി; തദ്ദേശതിരഞ്ഞെടുപ്പില്‍ ലക്ഷ്യം മൂവായിരം വാര്‍ഡ് അംഗങ്ങള്‍

60 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നാൻ BJP, കര്‍മപദ്ധതി; തദ്ദേശതിരഞ്ഞെടുപ്പില്‍ ലക്ഷ്യം മൂവായിരം വാര്‍ഡ് അംഗങ്ങള്‍

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം കാഴ്ചവെച്ച 60 നിയമസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശ്രദ്ധയൂന്നാൻ ബി.ജെ.പി.


തീരുമാനം. മുപ്പത്തിയയ്യായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങള്‍ക്കായി കർമപദ്ധതി തയ്യാറാക്കാൻ സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങും. പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ എം.ടി. രമേശ് (വയനാട്), പി. രഘുനാഥ് (പാലക്കാട്), കെ.കെ. അനീഷ്കുമാർ (ചേലക്കര) എന്നിവർക്ക് ചുമതലനല്‍കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വാർഡുവിഭജനം സി.പി.എം. ഇടപെട്ട് അട്ടിമറിക്കുന്നത് തടയാൻ ബി.ജെ.പി. വാർഡുകളില്‍ ജാഗ്രതാസമിതികള്‍ രൂപവത്കരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ മൂവായിരത്തോളം പഞ്ചായത്തംഗങ്ങളെ പാർട്ടിക്ക് വിജയിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. തദ്ദേശതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാൻ ജൂലായ് ഒമ്ബതിന് തിരുവനന്തപുരത്ത് വിശാലനേതൃയോഗം സംഘടിപ്പിക്കും. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പങ്കെടുക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പില്‍ എല്ലാവിഭാഗം ഹൈന്ദവസമുദായങ്ങളും അനുകൂലമായി വോട്ടുചെയ്തു. സി.പി.എം. അണികളായിരുന്ന പിന്നാക്കവിഭാഗങ്ങള്‍ മാറിച്ചിന്തിച്ചു. സഭാനേതൃത്വം അത്ര അനുകൂലമായിരുന്നില്ലെങ്കിലും തൃശ്ശൂരും കണ്ണൂരുമെല്ലാം സമുദായാംഗങ്ങള്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്യാൻ തയ്യാറായി. നല്ലൊരുവിഭാഗം കോണ്‍ഗ്രസ് വോട്ടുകളും ബി.ജെ.പി.യിലേക്ക് വന്നെന്നാണ് വിലയിരുത്തല്‍.

ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ സംസ്ഥാനനേതൃത്വം അംഗീകരിക്കുന്ന കാഴ്ചയാണ് യോഗത്തില്‍. ശോഭയെത്താൻ വൈകുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. അപ്പോഴേക്കും എത്തിയിരുന്നു. തുടർന്ന് ശോഭ എത്തിക്കഴിഞ്ഞെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനുശേഷം കെ. സുരേന്ദ്രൻ നല്‍കിയ അഭിമുഖങ്ങളില്‍ ആലപ്പുഴയില്‍ ശോഭയുടെ മുന്നേറ്റം എടുത്തുപറഞ്ഞിരുന്നു. സ്ഥാനാർഥികളായിരുന്നവരില്‍ അനില്‍ ആന്റണിയും രാജീവ് ചന്ദ്രശേഖറും യോഗത്തിനെത്തിയില്ല.
Previous Post Next Post