സംസ്ഥാനത്ത് 5 ദിവസം കൂടി മഴ; ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ; ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം:ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒരു ജില്ലയിലും റെഡ് – ഓറഞ്ച് അലർട്ടുകളില്ലെങ്കിലും നാളെ വരെ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ച കോട്ടയം, കണ്ണൂർ, തൃശൂർ, ഇടുക്കി ജില്ലകളിൽ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്.

മഴ മുന്നറിയിപ്പിന് പുറമേ സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ വെള്ളപ്പൊക്ക മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു. കേരളം, തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Previous Post Next Post