ഡല്‍ഹിയില്‍ കനത്ത മഴ; മതില്‍ ഇടിഞ്ഞു വീണ് 3 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി
ന്യൂഡല്‍ഹി | കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണ് 3 നിര്‍മാണ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഡല്‍ഹിയിലെ വസന്ത് വിഹാറിലാണ് അപകടം.
കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു. എന്‍ഡിആര്‍എഫും അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് നിര്‍മിച്ച മതിലാണ് ഇടിഞ്ഞു വീണത്. നിര്‍മാണ തൊഴിലാളികള്‍ ഇതിന് സമീപം കുടില്‍ കെട്ടി താമസിച്ചു വരികയായിരുന്നു. സമീപത്തെ മരം മുറിഞ്ഞ് വീണ് മതില്‍ തകരുകയായിരുന്നുവെന്നാണ് വിവരം. കുടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്.
ക്രയിനുകള്‍ ഉപയോഗിച്ച് മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതായും പമ്പുകള്‍ ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കനത്ത മഴയില്‍ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കും ഉണ്ടായി.