ഇസ്റാഈൽ ആക്രമണം; 24 മണിക്കൂറിനിടെ 95 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്റാഈൽ ആക്രമണം; 24 മണിക്കൂറിനിടെ 95 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി | വെടിനിർത്തൽ പദ്ധതി മുന്നോട്ടുവെച്ച പശ്ചാത്തലത്തിലും നരഹത്യക്ക് അയവുവരുത്താതെ ഇസ്‌റാഈൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 350 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36,379 ആയി. 82,407 പേർക്കാണ് പരുക്കേറ്റത്.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 20 ഫലസ്തീനികളെ ഇസ്‌റാഈൽ സൈന്യം അറസ്റ്റ് ചെയ്തു.

ജെനിൻ, നബ്്ലസ്, ഖൽഖിൽയ, ബെത്‌ലഹെം, ഹെബ്രോൺ, ജറൂസലം എന്നിവിടങ്ങളിൽ നിന്നായിരുന്നു അറസ്റ്റ്. പിടികൂടിയവരെയും ബന്ധുക്കളെയും സൈന്യം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്‌റാഈൽ പിടികൂടുന്ന ഫലസ്തീനികളുടെ എണ്ണം 8,975 ആയി. ഇവരിൽ ചിലരെ വിട്ടയച്ചിട്ടുണ്ട്.

അതിനിടെ, ഫലസ്തീൻ റെഡ് ക്രസന്റ്സൊസൈറ്റി (പി ആർ സി എസ്) ജീവനക്കാരൻ ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിലെ അദ്ദേഹത്തിന്റെ വീട് കഴിഞ്ഞ ദിവസം രാത്രിയി ആക്രമിക്കപ്പെട്ടിരുന്നു. ഇതോടെ കൊല്ലപ്പെടുന്ന പി ആർ സി എസ് അംഗങ്ങളുടെ എണ്ണം 33 ആയി. 19 പേർ കൊല്ലപ്പെട്ടത് മാനവിക സേവനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു.

അതേസമയം, ലെബനാനുനേരെ ഇസ്‌റാഈൽ അയച്ച ഡ്രോൺ ഉപരിതല- വ്യോമ മിസൈൽ ഉപയോഗിച്ച് വീഴ്ത്തി. ഇതിന്റെ ഉത്തരവാദിത്വം പിന്നീട് ഹിസ്ബുല്ല ഏറ്റെടുത്തു. യു എൻ സന്നദ്ധ സംഘടനയായ ഉനർവയെ ഭീകര സംഘങ്ങളുടെ പട്ടികയിൽ പെടുത്താനുള്ള ഈസ്‌റാഈൽ നീക്കത്തെ ബെൽജിയം അപലപിച്ചു. ഉനർവയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ജീവനക്കാരുടെ പ്രത്യേക അവകാശം ഇല്ലാതാക്കാനാണ് ഇസ്‌റാഈൽ പാർലിമെന്റ്ശ്രമം.
Previous Post Next Post