17കാരന്‍ മദ്യപിച്ച് കാര്‍ ഓടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ മാതാവും അറസ്റ്റില്‍

17കാരന്‍ മദ്യപിച്ച് കാര്‍ ഓടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ മാതാവും അറസ്റ്റില്‍
ന്യൂഡല്‍ഹി | പൂനെയില്‍ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മാതാവ് ശിവാനി അഗര്‍വാളിനെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

പ്രതിയായ 17കാരനെ വൈദ്യ പരിശോധനയ്ക്കായി പൂനെയിലെ സസൂണ്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ ശിവാനിയും ഉണ്ടായിരുന്നു. പ്രതിയുടെ രക്തസാമ്പിള്‍ ചവറ്റുകുട്ടിയിലെറിഞ്ഞ ഡോക്ടര്‍ പകരം പരിശോധനയ്ക്ക് അയച്ചത് അമ്മ ശിവാനിയുടെ രക്തം ആയിരുന്നു. ഇതിന് കൈക്കൂലിയായി ഡോക്ര്‍മാര്‍ കൈപറ്റിയത് 3 ലക്ഷം രൂപയാണ്. സംഭവത്തില്‍ ഡോക്ടറെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് ആഢംബര കാര്‍ ഓടിക്കാന്‍ നല്‍കിയതിന് ശിവാനിയുടെ ഭര്‍ത്താവും പോലീസ് പിടിയിലായിരുന്നു

കുടുംബ ഡ്രൈവറെ കുറ്റമേല്‍ക്കാന്‍ ഭീഷണിപ്പെടുത്തിയതിന് ഭര്‍ത്താവിന്റെ അച്ഛനും പിടിയിലായി. അതേസമയം സംഭവത്തില്‍ പ്രതിക്ക് അനുകൂലമായി പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത് പവാര്‍ തള്ളി.
Previous Post Next Post