കോപക്കില്ല; കളി മതിയാക്കി കവാനി

കോപക്കില്ല; കളി മതിയാക്കി കവാനി
മൊന്റെവിഡോ | കോപ അമേരിക്ക ടൂര്‍ണമെന്റ്-2024 ആരംഭിക്കാനിരിക്കേ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഉറുഗ്വേയുടെ പ്രഗത്ഭ താരം എഡിന്‍സണ്‍ കവാനി. അമേരിക്കയില്‍ ജൂണ്‍ 20ന് ആരംഭിക്കുന്ന കോപയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കവാനി ഉണ്ടാകില്ല. 136 മത്സരങ്ങളില്‍ ഉറുഗ്വേക്കായി കളത്തിലിറങ്ങിയ കവാനി 58 ഗോള്‍ നേടി. ദീര്‍ഘകാലമായി കവാനിയുടെ സഹകളിക്കാരനായ ലൂയിസ് സുവാരസാണ് ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്-68. 2011ല്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വേ ടീമില്‍ അംഗമായിരുന്നു കവാനി. എന്നാല്‍, 2022ല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ശേഷം കവാനി ദേശീയ ടീമിനായി ബൂട്ടണിഞ്ഞിട്ടില്ല.

‘സുദീര്‍ഘമായൊന്നും എഴുതുന്നില്ല. വാക്കുകള്‍ ചുരുക്കമാണെങ്കിലും അതിന് ഏറെ ആഴമുണ്ട്. കൊഴിഞ്ഞുവീണ വര്‍ഷങ്ങളില്‍ എന്റെ യാത്രക്ക് പിന്തുണയേകിയ ഓരോ വ്യക്തിക്കും എന്റെ നന്ദി. ഈ ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന സ്വരാജ്യത്തിന്റെ ജഴ്‌സിയണിയുന്നത് എന്നെ സംബന്ധിച്ച് എല്ലായിപ്പോഴും അഭിമാനകരമായിരുന്നു.’- കവാനി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

നിലവില്‍ ബൊക്ക ജൂനിയേഴ്‌സ് താരമായ കവാനി തന്റെ കരിയറിലെ വലിയൊരു കാലം യൂറോപ്പിലാണ് ചെലവഴിച്ചത്. പാരീസ് സെയിന്റ് ജര്‍മന്‍ ക്ലബിനു വേണ്ടി 200 ഗോളുകളാണ് കവാനി അടിച്ചുകൂട്ടിയത്. ക്ലബിന്റെ ടോപ് സ്‌കോററായിരുന്ന കിലിയന്‍ എംബാപ്പെയെ കഴിഞ്ഞ വര്‍ഷമാണ് കവാനി മറികടന്നത്. ഇറ്റാലിയന്‍ ക്ലബുകളായ പാലെര്‍മോ, നാപ്പോളി എന്നിവക്കു പുറമെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വലന്‍സിയ ക്ലബുകള്‍ക്കായും കവാനി ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണ അമേരിക്കയിലേക്ക് ചേക്കേറിയ താരം അര്‍ജന്റീനിയന്‍ ക്ലബായ ബൊക്ക ജൂനിയേഴ്‌സുമായി കരാറൊപ്പിടുകയായിരുന്നു.

അമേരിക്ക, ബൊളീവിയ, പനാമ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇത്തവണ കോപ അമേരിക്കയില്‍ ഉറുഗ്വേ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂണ്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
Previous Post Next Post