രാജ്യസഭാ സീറ്റിനായി പിടിമുറുക്കി യൂത്ത് ലീഗ്
കോഴിക്കോട് | പി എം എ സലാമിനെ രാജ്യസഭയിലേക്കയച്ച് ഇ കെ വിഭാഗവുമായുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് യൂത്ത് ലീഗ് നിലപാട് തിരിച്ചടിയാകുന്നു.രാജ്യസഭയിലേക്ക് ലീഗിന് ലഭിച്ച അധിക സീറ്റിലാണ് മുസ്‌ലിം യൂത്ത് ലീഗ് പിടിമുറുക്കിയിരിക്കുന്നത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം തീർത്തുപറഞ്ഞതോടെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം രാജ്യസഭാ സീറ്റ് ആവശ്യം പരസ്യമായി ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
സ്വാദിഖലി ശിഹാബ് തങ്ങളോട് സീറ്റ് ആവശ്യപ്പെട്ടുവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് മാധ്യമങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കി ഒരു മുഴം മുമ്പേ എറിഞ്ഞു. ലീഗിന് ലഭിച്ച രാജ്യസഭാ സീറ്റിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസിനെ പരിഗണിക്കാനുള്ള സാധ്യതയേറുകയാണ്. ഫിറോസിനെ പരിഗണിക്കാനാണ് യൂത്ത് ലീഗ് ശിപാർശ ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന അനൗദ്യോഗിക യോഗം ഈ കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന.
സി എച്ച് സെന്ററിന്റെ പ്രൊജക്ട് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി എല്ലാ നേതാക്കളും തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഈ അവസരം രാജ്യസഭാ സ്ഥാനാർഥി നിർണയ ചർച്ചക്ക് കൂടി ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. സലാമിനെ രാജ്യസഭയിലേക്കയച്ച് ഇ കെ വിഭാഗവുമായുള്ള പ്രശ്‌ന പരിഹാരത്തിന് ഒറ്റമൂലി കണ്ടെത്തുകയെന്ന ചർച്ച പലപ്പോഴായി ലീഗിൽ നടന്നതാണ്. യൂത്ത് ലീഗിന്റെ ആവശ്യം പരിഗണിക്കാതിരിക്കാനാകില്ലെന്നാണ് നേതാക്കൾക്കിടയിലെ പൊതുവികാരം. സലാമിനെ ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നത് ഇ കെ വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.