യു എ ഇ-കൊറിയ ബന്ധം സ്ഥിര വളര്‍ച്ചയില്‍

യു എ ഇ-കൊറിയ ബന്ധം സ്ഥിര വളര്‍ച്ചയില്‍
അബൂദബി | യു എ ഇയും കൊറിയയും തമ്മിലുള്ള ശക്തമായ ബന്ധം തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തുന്നു. കൊറിയയിലേക്കുള്ള പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് 44 വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിച്ച ദീര്‍ഘകാല ബന്ധത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അധികൃതര്‍ പങ്കുവെച്ചത്.

സന്ദര്‍ശനം, റിപബ്ലിക് ഓഫ് കൊറിയയുമായി സൈബര്‍ സുരക്ഷ, ഭക്ഷ്യ സുരക്ഷ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പൊതുഭരണം എന്നിവയില്‍ തന്ത്രപരമായ പങ്കാളിത്തം രൂപവത്കരിക്കുന്നതില്‍ ഊന്നല്‍ നല്‍കും.

2023 ജനുവരിയില്‍ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ യു എ ഇ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 2023-ല്‍ 5.3 ബില്യണ്‍ യു എസ് ഡോളറിലെത്തി. വര്‍ഷാവര്‍ഷം 12.5 ശതമാനം വളര്‍ച്ചയാണിത്. യു എ ഇയിലെ കൊറിയയുടെ നിക്ഷേപം 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കൊറിയയിലെ യു എ ഇ നിക്ഷേപം 578 മില്യണ്‍ ഡോളറായി. കൊറിയയുടെ രണ്ടാമത്തെയും ആഗോളതലത്തില്‍ 14-ാമത്തെയും വലിയ വ്യാപാര പങ്കാളിയാണ് യു എ ഇ. യു എ ഇയുടെ പത്താമത്തെ ഏറ്റവും വലിയ എണ്ണ ഇതര വ്യാപാര പങ്കാളിയാണ് കൊറിയ. 2023 ജനുവരിയില്‍ കൊറിയയുടെ തന്ത്രപ്രധാന മേഖലകളില്‍ യു എ ഇ 30 ബില്യണ്‍ ഡോളര്‍ പരമാധികാര നിക്ഷേപം നടത്തി.

കൊറിയന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഷാര്‍ജയിലും കിംഗ് സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, അല്‍ ഐനിലെ സായിദ് സര്‍വകലാശാലയിലെ ഭാഷാ കേന്ദ്രം എന്നിവ കൊറിയന്‍ ഭാഷ പഠിക്കാനും കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തിന്റെ സംസ്‌കാരം പര്യവേക്ഷണം ചെയ്യാനും പ്രചോദിപ്പിക്കുന്ന കേന്ദ്രങ്ങളാണ്.

യാത്രയും വിനോദസഞ്ചാരവും
പ്രതിവര്‍ഷം 200,000-ത്തിലധികം കൊറിയന്‍ വിനോദസഞ്ചാരികള്‍ യു എ ഇ സന്ദര്‍ശിക്കുന്നു. പ്രതിമാസം 60 ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നു.
Previous Post Next Post