പ്രജ്വല്‍ രേവണ്ണ ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച തിരിച്ചെത്തും; റിപ്പോര്‍ട്ട്
ഹൈദരാബാദ്| ലൈംഗികാതിക്രമക്കേസില്‍ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ
ജര്‍മനിയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.
പ്രജ്വല്‍ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് ലഭിക്കുന്ന വിവരം. തിരിച്ചെത്തിയാല്‍ പ്രജ്വലിനെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപഗൗഡ വിമാനത്താവളത്തില്‍ എത്തുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിഐഡി സൈബര്‍ സെല്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നതാണ് കേസ്. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26 ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടക്കുകയായിരുന്നു.