റഫ: പലായനം ചെയ്യുന്നവര്‍ക്ക് നേരെയും കണ്ണില്‍ ചോരയില്ലാതെ ആക്രമണം

റഫ: പലായനം ചെയ്യുന്നവര്‍ക്ക് നേരെയും കണ്ണില്‍ ചോരയില്ലാതെ ആക്രമണം

ഗസ്സാ സിറ്റി | റഫയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നവരെയും വെറുതെ വിടാതെ അധിനിവേശ സൈന്യം. ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം പ്രാപിച്ച തെക്കന്‍ ഗസ്സാ നഗരമായ റഫയിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളുമായി ഇസ്‌റാഈല്‍ സൈന്യം കടന്നതിന് പിന്നാലെയാണ് തെരുവുകളില്‍ രൂക്ഷമായ പോരാട്ടവും ബോംബാക്രമണവും റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ കുറഞ്ഞത് 37 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ബൈത്ത് ഹനൂനില്‍ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൂടാതെ മധ്യ ഗസ്സയിലെ നുസ്വീറാത്ത് ക്യാന്പിന് സമീപം നടത്തിയ ബോംബിംഗില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 15ലധികം പേര്‍ക്ക് പരുക്കേറ്റു.

ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗസ്സാ അതിര്‍ത്തിയുടെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇസ്‌റാഈല്‍ സൈനിക നീക്കങ്ങള്‍ക്ക് എതിരെ വ്യാപക വിമര്‍ശങ്ങള്‍ ഉയരുമ്പോഴും ആക്രമണം കൂടുതല്‍ രൂക്ഷമാക്കുന്നെന്ന് തെളിയിക്കുന്നതാണ് മേഖലയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍. റഫയിലെ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണം ഇസ്‌റാഈല്‍ തുടരുകയാണെന്ന് ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈതാം അല്‍ ഹമാസ് പ്രതികരിച്ചു.

സുരക്ഷിത സ്ഥാനങ്ങളില്‍ താമസിക്കുന്നവരെ പോലും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നതെന്നും സഹായം തേടി നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും ഹൈതാം വ്യക്തമാക്കി. അടിയന്തര സഹായമെത്തിക്കാനൊരുങ്ങുന്നവരെയും ഉന്നമിടുന്നതിനാല്‍ ആംബുലന്‍സുകള്‍ക്ക് പ്രദേശത്തേക്ക് എത്താനാകില്ലെന്നും ഹൈതാം ചൂണ്ടിക്കാട്ടി. ഡ്രോണുകളായി മാറ്റാനാകുന്ന ക്വാഡ്‌കോപ്റ്ററുകള്‍ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നു. ഫലസ്തീനികളെ ആക്രമിക്കുന്നതിനായി ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്‌കോപ്റ്ററുകള്‍ മെഷീന്‍ ഗണ്ണുകളിലും മിസൈലുകളിലും ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ കഴിഞ്ഞ ഫെബ്രുവരിയിലും വെളിപ്പെടുത്തിയിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആക്രമണത്തില്‍ പരുക്കേറ്റ 75 പേര്‍ക്കാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. തെക്കന്‍ ഗസ്സയിലെ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍പ്‌സിന്റെ (ഐ എം സി) താത്കാലിക ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ 25 പേരുടെ നില അതീവഗുരുതരമാണ്. അതിര്‍ത്തിയടച്ചതിനു ശേഷം മൂന്ന് ട്രക്കുകള്‍ മാത്രമാണ് ലോകാരോഗ്യ സംഘടനക്ക് ഗസ്സയിലേക്ക് എത്തിക്കാനായതെന്നും പ്രതിനിധി റിക് പീപ്പര്‍കോണ്‍ പറയുന്നു. ഇസ്‌റാഈലിനും ഗസ്സക്കുമിടയിലുള്ള കരേം അബു സലേം ക്രോസ്സ് വഴിയാണ് ഇവ എത്തിയത്.

ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസ്സിംഗ് അടച്ചിട്ടുള്ളതിനാല്‍ മേഖലയിലേക്ക് മാനുഷിക സഹായം എത്താത്ത സാഹചര്യമാണുള്ളത്. ആക്രമണങ്ങള്‍ ആരോഗ്യമേഖലയെ മുഴുവന്‍ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റഫയിലെ താത്കാലിക കൂടാരങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് റിക് അറിയിച്ചു. ഗുരുതര പൊള്ളലേറ്റവരെ ചികിത്സിക്കാനുള്ള സംവിധാനം ഗസ്സയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, കാര്‍ ഇടിച്ചുകയറ്റിയുള്ള ആക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസ് നഗരത്തിന് സമീപമാണ് സംഭവം. കഫീര്‍ ബ്രിഗേഡിലെ അംഗങ്ങളായ എലിയ ഹിലേല്‍, ഡീഗോ ഷ്വിഷ ഹര്‍സാജ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ സേന സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതര പരുക്കേറ്റെന്ന് ആദ്യം പറഞ്ഞ ഇസ്‌റാഈല്‍, പിന്നീടാണ് മരണം സ്ഥിരീകരിച്ചത്. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍, സൈന്യം ആരംഭിച്ചതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ്ബാങ്കില്‍ നേരത്തേ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സൈനികര്‍ക്കു നേരെയുള്ള ആക്രമണമെന്നാണ് വെളിപ്പെടുത്തലുകള്‍. റഫ ഉള്‍പ്പെടെ ഗസ്സയിലെ സ്ഥിതിഗതികളില്‍ യു എന്‍ രക്ഷാസമിതി ആശങ്ക പ്രകടിപ്പിച്ചു. അന്തര്‍ദേശീയ സമ്മര്‍ദം പൂര്‍ണമായും അവഗണിച്ചാണ് കൂടുതല്‍ സൈനിക സന്നാഹങ്ങളിലൂടെ ഇസ്‌റാഈല്‍, റഫയില്‍ ആക്രമണം കടുപ്പിച്ചത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53 പേര്‍ കൊല്ലപ്പെടുകയും 357 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
Previous Post Next Post