ലണ്ടന്‍: ലാ ലീഗയില്‍ 2023-24 സീസണിലെ ഏറ്റവും മികച്ച താരമായി ജൂഡ് ബെല്ലിംഗ്ഹാമിനെ തിരഞ്ഞെടുത്തു. റയല്‍ മാഡ്രിഡിനെ ലാ ലീഗ കിരീടത്തിലേക്ക് നയിച്ചതാണ് യുവതാരത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ലാ ലീഗ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ അരങ്ങേറിയ തന്റെ ആദ്യ സീസണില്‍ തന്നെയാണ് ബെല്ലിംഗ്ഹാം മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
റയല്‍ മാഡ്രിഡിനായി മിന്നും പ്രകടനമാണ് ജൂഡ് ബെല്ലിംഗ്ഹാം കാഴ്ചവെച്ചത്. സീസണില്‍ റയലിന്റെ ടോപ് സ്‌കോററാണ് 20കാരനായ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍. സീസണിലെ 28 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളുമായാണ് റയലിന്റെ ഗോള്‍വേട്ടക്കാരില്‍ ബെല്ലിംഗ്ഹാം ഓന്നാമതെത്തിയത്. ആറ് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.
റയല്‍ മാഡ്രിഡ് കിരീടം നേടിയ മത്സരത്തിലും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കൈയ്യൊപ്പ് പതിഞ്ഞിരുന്നു. കാഡിസിനെതിരെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിലാണ് ജൂഡ് ഗോള്‍ നേടിയത്. മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വിജയം സ്വന്തമാക്കിയത്.
ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന റയലിന് കാഡിസിനെതിരായ വിജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റായി. പിന്നാലെ നടന്ന നിര്‍ണായക മത്സരത്തില്‍ ബാഴ്‌ലോണ ജിറോണയോട് പരാജയപ്പെട്ടതോടെ റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
ഇത് 36-ാം തവണയാണ് റയല്‍ ലാ ലീഗ കിരീട നേട്ടം സ്വന്തമാക്കുന്നത്. കൂടുതല്‍ തവണ ലാ ലീഗ കിരീടം സ്വന്തമാക്കിയ ക്ലബും റയല്‍ തന്നെയാണ്. സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാരായതോടെ ഇനി ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കുകയാണ് സ്പാനിഷ് വമ്പന്‍മാരുടെ ലക്ഷ്യം. ജൂണ്‍ രണ്ടിന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ നേരിടാനൊരുങ്ങുകയാണ് കാര്‍ലോ ആഞ്ചലോട്ടിയും സംഘവും.