‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്
എറണാംകുളം : സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കളെ കുരുക്കിലാക്കി പൊലീസ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.
ഷൂട്ടിംഗിന് മുന്‍പ് തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 22 കോടി ചെലവായെന്ന് പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചെലവായത് 18.65 കോടിയാണ്. അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ ഹമീദാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിര്‍മാതാക്കള്‍ ഒരു രൂപ പോലും പരാതിക്കാരന് നല്‍കിയിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പരാതിയില്‍ ഹൈക്കോടതി നേരത്തെ തന്നെ നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.
സിനിമയുടെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ സിറാജിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ട് സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. 7 കോടി രൂപയാണ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്.