വിദ്വേഷവും വര്‍ഗീയതയും വിളമ്പുന്ന ആദ്യ പ്രധാനമന്ത്രി; മോദിക്കെതിരെ മന്‍മോഹന്റെ കത്ത്

വിദ്വേഷവും വര്‍ഗീയതയും വിളമ്പുന്ന ആദ്യ പ്രധാനമന്ത്രി; മോദിക്കെതിരെ മന്‍മോഹന്റെ കത്ത്
ന്യൂഡല്‍ഹി | തുടരെ വിദ്വേഷം പരത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയും പ്രതിപക്ഷത്തെയും ലക്ഷ്യം വെക്കാന്‍ മോദി വിദ്വേഷവും പാര്‍ലിമെന്ററി വിരുദ്ധവുമായ പദങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിനായി വിദ്വേഷ പരാമര്‍ശങ്ങളിലേക്കും വര്‍ഗീയതയിലേക്കും തിരിയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള അവസാന അവസരമാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ താന്‍ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു.

മോദി നികൃഷ്ടമായ വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, അത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സും ഗൗരവവും കുറച്ച രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവെക്കാന്‍ മുന്‍ പ്രധാനമന്ത്രിമാരൊന്നും തന്നെ ഇത്രയും നികൃഷ്ടവും താഴ്ന്ന നിലവാരത്തിലുള്ളതുമായ ഭാഷ ഉപയോഗിച്ചിട്ടില്ല. ചില തെറ്റായ പ്രസ്താവനകള്‍ അദ്ദേഹം തനിക്ക് നേരെയും നടത്തിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നില്‍ നിന്നും വേര്‍തിരിച്ചു കാണാന്‍ ശ്രമിച്ചിട്ടില്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണാന്‍ ഒരിക്കലും താന്‍ ശ്രമിച്ചിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് മുസ്ലിം വിഭാഗത്തിന് രാജ്യത്തെ സമ്പത്തില്‍ ആദ്യ അവകാശമുണ്ടെന്ന മോദിയുടെ ആരോപണങ്ങള്‍ക്കും മന്‍മോഹന്‍ സിംഗ് മറുപടി നല്‍കി.
Previous Post Next Post