ഇ.ഡി ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം’; എന്തിനുമുള്ള അധികാരം ഇ.ഡിക്കില്ല; രൂക്ഷ വിമർശനവുമായി ഡൽഹി കോടതി

ഇ.ഡി ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം’; എന്തിനുമുള്ള അധികാരം ഇ.ഡിക്കില്ല; രൂക്ഷ വിമർശനവുമായി ഡൽഹി കോടതി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെന്നും സാധാരണക്കാർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും ഡൽഹി റോസ് അവന്യു കോടതി. കുറ്റാരോപിതനായ വ്യക്തിയുടെ ജാമ്യം നീട്ടി നൽകുന്നത് എതിർക്കുന്നതിനായി കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയതിനെ വിമർശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കള്ളപ്പണക്കേസുമായി നേരിട്ട് ബന്ധമുള്ളവർക്കും അത്തരം സംഘങ്ങളുമായി ബന്ധമുള്ള ആളുകളെയും അല്ലാതെ സാധാരണക്കാരായ വ്യക്തികളെ കള്ളപ്പണ നിരോധന നിയമത്തിലെ അനുച്ഛേദം 50 പ്രകാരം കഠിനമായ ചോദ്യംചെയ്യലിന് വിധേയരാക്കുന്നത് തെറ്റാണെന്ന് റോസ് അവന്യു കോടതിയിലെ സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്‌നെ പറഞ്ഞു.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് പൗരർക്ക് പല അവകാശങ്ങളുമുണ്ട്. ഭരണകൂടത്തിന് ചില കടമകളും നിർവഹിക്കാനുണ്ട്. ഈ അടിസ്ഥാനപരമായ തത്വം കീഴ്മേൽ മറിക്കരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. ഭരണകൂടത്തിന് പൗരൻമാർക്കു മേൽ അധികാരമുണ്ടെന്നും, എന്നാൽ എല്ലാവരും ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങണമെന്നും പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Previous Post Next Post