ലോക്സഭാ തിരഞ്ഞെടുപ്പ്:അവസാനഘട്ട വോട്ടെടുപ്പിന് തുടക്കം, മോദിയുടെ വാരാണസി ശ്രദ്ധാകേന്ദ്രം
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ വിധിയെഴുതുന്നത്. പഞ്ചാബ് (13), ഉത്തർ പ്രദേശ് (13), ബംഗാൾ (9), ബിഹാർ (8), ഒഡിഷ (6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ് (3), ചണ്ഡീഗഢ് (3) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഒഡിഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും ഹിമാചലിലെ 6 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ഇതോടെ 55 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കങ്കണ റണൗട്ട്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ്, ആർജെഡി നേതാവ് മിസാ ഭാരതി തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. 10 കോടിയിലേറെ വോട്ടർമാരാണ് അവസാനഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുന്നത്. ഇതിൽ 5.24 കോടി പുരുഷന്മാരും 4.82 കോടി സ്ത്രീകളും 3,574 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടും. 10.9 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏഴാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 25 എണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. 8 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന്റെ പക്കലുള്ളത്. മേയ് 25ന് നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ 63.37% ആയിരുന്നു വോട്ടിങ് ശതമാനം. അഞ്ചാംഘട്ടത്തിൽ 62.15 %, നാലാംഘട്ടത്തിൽ 69.16 %, മൂന്നാംഘട്ടം 65.68 %, രണ്ടാംഘട്ടം 66.71 %, ഒന്നാംഘട്ടം 66.1% എന്നിങ്ങനെയായിരുന്നു വോട്ടിങ് ശതമാനം. ജൂൺ 4നാണ് വോട്ടെണ്ണൽ.