വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ഇനി മുതൽ ഓൺലൈനിലും അപേക്ഷിക്കാം; അപേക്ഷ വെബ്സൈറ്റ് വഴി
തിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസി കൺസെഷനുവേണ്ടി ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിന് മുമ്പ് www.concessionksrtc.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന് വിദ്യാർത്ഥികൾ ഈ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ നൽകിയ മൊബൈൽ നമ്പറിൽ എസ്എംഎസ് എത്തും.
അപേക്ഷയ്ക്ക് സ്കൂളിലെയോ കോളേജിലെയോ അംഗീകാരം നൽകിയാൽ ഡിപ്പോയിലെ പരിശോധനക്ക് ശേഷം അടയ്‌ക്കേണ്ട തുക ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് മൊബൈൽ നമ്പറിൽ സന്ദേശം ലഭിക്കും. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഓൺലൈനായി പണം അടക്കാം. കൺസെഷൻ കാർഡും സ്ഥാപനത്തിൽ നിന്ന് തന്നെ ലഭിക്കും. സ്വന്തമായോ, അക്ഷയ തുടങ്ങിയവ മുഖേനയോ രജിസ്ട്രേഷൻ നടത്താം. മൂന്നുമാസമായിരിക്കും സ്റ്റുഡൻസ് കൺസെഷൻ കാലാവധി.