ത‍ൃശൂരിലെ ഹോട്ടലുകളിൽ നിന്നും ​പഴകിയ ഭക്ഷണം പിടികൂടി

ത‍ൃശൂരിലെ ഹോട്ടലുകളിൽ നിന്നും ​പഴകിയ ഭക്ഷണം പിടികൂടി

തൃശൂര്‍ | തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. നാല് സംഘങ്ങളായി തിരിഞ്ഞ് 26 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. എട്ടിലധികം ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇന്ന് രാവിലെ ആറുമണി മുതലാണ് തൃശൂര്‍ കോര്‍പറേഷന് കീഴിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് മധ്യവയസ്‌ക മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും കൈപ്പമംഗലം പോലീസ് അറിയിച്ചു.

പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. കുഴിമന്തി കഴിച്ച് ഉസൈബ അവശനിലയിലാകുകയായിരുന്നു. പനിയും ഛര്‍ദിയും ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ 180 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മയോണൈസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post