'പതിനൊന്ന് തികയ്ക്കാൻ' ഓസീസ് കോച്ചും സെലക്ടറും കളത്തിലിറങ്ങി; നമീബിയയെ വീഴ്ത്തി കങ്കാരുപ്പട

'പതിനൊന്ന് തികയ്ക്കാൻ' ഓസീസ് കോച്ചും സെലക്ടറും കളത്തിലിറങ്ങി; നമീബിയയെ വീഴ്ത്തി കങ്കാരുപ്പട
ട്രിനിഡാഡ്: 2024 ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നമീബിയയെ വീഴ്ത്തി ഓസ്‌ട്രേലിയ. ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. 120 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ കേവലം പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
,നമീബിയയ്‌ക്കെതിരെ വെറും ഒന്‍പത് താരങ്ങളുമായി ഇറങ്ങിയിട്ടാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയതെന്നാണ് കൗതുകകരമായ സംഭവം. ഐപിഎല്ലിനെ തുടര്‍ന്ന് നിരവധി ഓസീസ് താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാന്‍ സാധിച്ചിരുന്നില്ല. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീമില്‍ മതിയായ താരങ്ങളില്ലാത്തതിനാല്‍ ഓസ്‌ട്രേലിയയുടെ മുഖ്യ പരിശീലകനും ചീഫ് സെലക്ടറും കളത്തിലിറങ്ങുകയാണ് ചെയ്തത്. കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ ജോര്‍ജ് ബെയ്‌ലിയുമാണ് ടീമിനൊപ്പം ഇറങ്ങിയത്.
മറുപടി ബാറ്റിംഗില്‍ 60 പന്തും ഏഴ് വിക്കറ്റും ബാക്കിനില്‍ക്കെ ഓസീസ് പട വിജയത്തിലെത്തി. അര്‍ദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസ് വിജയം അനായാസമാക്കിയത്. ഓപ്പണറായി ഇറങ്ങിയ താരം 21 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ആറ് ബൗണ്ടറിയുമാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്.
Previous Post Next Post