തിരികെ മടങ്ങുന്നു; ലാറയും ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ലാറ ശർമ്മ ക്ലബ് വിടുന്നു. ബെംഗളൂരു എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ലാറയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കാലയളവ് പൂർത്തിയായതോടെയാണ് താരം ബ്ലാസ്റ്റേഴ്സ് വിടുന്നത്. മറ്റൊരു ഗോൾ കീപ്പർ കരൺജിത്ത് സിംഗ് പോയി മണിക്കൂറുകൾക്കുള്ളിലാണ് ലാറയും ക്ലബ് വിടുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സ് നിരയിൽ സച്ചിൻ സുരേഷ് മാത്രമായി ഗോൾ കീപ്പർ.
കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ലാറ ശർമ്മ കളത്തിലിറങ്ങിയത്. ഗംഭീര പ്രകടനത്തോടെ മഞ്ഞപ്പടയുടെ ആരാധകരെ കൈയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഒഡീഷ എഫ് സിക്കെതിരായ നിർണായക നോക്കൗട്ട് മത്സരത്തിൽ ലാറയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്തിരുന്നത്. എന്നാൽ 78-ാം മിനിറ്റിൽ താരത്തിന് പരിക്കേറ്റു. അതുവരെ ഒരു ഗോളിന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.
ഐഎസ്എല്ലിൽ എട്ട് മത്സരങ്ങൾ മാത്രമാണ് 25കാരനായ ലാറ ഇതുവരെ കളിച്ചത്. രണ്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. ഐഎസ്എൽ 10-ാം സീസണിൽ നോക്കൗട്ട് റൗണ്ടിലാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. പിന്നാലെ പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച്, സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് തുടങ്ങിയവരും ക്ലബ് വിട്ടിരുന്നു.