ഗസ്സ കൂട്ടക്കുരുതി: സാമ്രാജ്യത്വ വിരുദ്ധ ശക്തികൾ ശബ്ദമുയർത്തണം- മുഖ്യമന്ത്രി
തിരുവനന്തപുരം | ഗസ്സയിൽ ഇസ്റാഈൽ ഭരണകൂടം തുടർന്നുവരുന്ന അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഫയിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്റാഈൽ സൈന്യം ചൊവ്വാഴ്ച നടത്തിയ ബോംബാക്രമണത്തിൽ 45ഓളം ജീവനുകളാണ് പൊലിഞ്ഞത്. റഫയിൽ അതിക്രമം നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്റാഈൽ നടത്തിവരുന്ന അതിക്രമങ്ങളിൽ ഇതുവരെ 36,000ത്തോളം പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്നുവരുന്ന ഈ അധിനിവേശത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. എന്നാൽ, ഈ പ്രതിഷേധങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ച് സൈനികാക്രമണം തുടരുകയാണ് ഇസ്റാഈൽ. ഈ ഭീകരതക്കെതിരെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളും സമാധാനപ്രേമികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തേണ്ടതുണ്ട്. ഗസ്സയിലെ ജനതക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കണം. സാമ്രാജ്യത്വത്തിന്റെ അധിനിവേശ താത്പര്യങ്ങൾക്കായി ഫലസ്തീൻ ജനതയെ അടിച്ചമർത്താനും മേഖലയെ സൈനികവത്കരിക്കാനുമുള്ള പുതിയ നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.