ലോകസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന് സമാപിക്കും
ന്യൂഡല്‍ഹി | ശനിയാഴ്ച നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.
പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഉത്തര്‍പ്രദേശിലും ബംഗാളിലും ബിഹാറിലും ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് വിധിയെഴുതുന്നത്. ഇത്തവണ 400 സീറ്റ് കടക്കുമെന്ന് ബി ജെ പി സഖ്യവും 350 കടക്കുമെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.
2019 ല്‍ ചെയ്തതുപോലെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത് എന്നാണ് കരുതുന്നത്. ധ്യാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ധ്യാനം വ്യകതിപരമായ കാര്യമാണെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ രാഷ്ട്രീയ താല്പര്യത്തിന് പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കും മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇതെന്നും സി പി എം പറയുന്നു.