ബ്രിജ്ഭൂഷണ് സിംഗിന്റെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ കരണ്‍ ഭൂഷണ്‍ന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ട് മരണം
ലക്നൗ | ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് സിംഗിന്റെ മകന് കരണ്‍ ഭൂഷണ് സിംഗിന്റെ അകമ്പടി വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. . ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ വച്ചാണ് അപകടം ഉണ്ടായത്. കൈസര്‍ഗഞ്ച് ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് കരണ്‍ ഭൂഷണ് സിംഗ്. റെഹാന് ഖാന്(17) , ഷെഹ്സാദ് ഖാന്(24) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം.
ബ്രിജ് ഭൂഷണ് സിംഗിന്റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടം വരുത്തിയ കാര്‍. റെഹാനും ഷെഹ്സാദും മരുന്ന് വാങ്ങാന്‍ ബൈക്കില്‍ പോകുമ്പോള്‍ എതിര്‍വശത്ത് നിന്ന് കാര്‍ ഇടിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ സീതാദേവി എന്ന അറുപതുകാരിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു