ശക്തമായ മഴയെ തുടര്‍ന്ന് അപകടം: സംസ്ഥാനത്ത് മരണം ഏഴായി
തിരുവനന്തപുരം| ശക്തമായ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് മരണം ഏഴായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുര്‍ഗാ ക്ഷേത്രത്തിന് സമീപം അനു നിവാസില്‍ അശോകന്‍ (56) കിള്ളിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബുധനൂരില്‍ കാല്‍വഴുതി തോട്ടില്‍ വീണ 80കാരി മരിച്ചു. ബുധനൂര്‍ കടമ്പൂര്‍ ഒന്നാം വാര്‍ഡില്‍ ചന്ദ്ര വിലാസത്തില്‍ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് മരിച്ചത്.
വക്കം വേമ്പനാടു കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടര്‍ന്നു വള്ളം മറിഞ്ഞാണ് അപകടം.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. കാഞ്ഞങ്ങാട്ട് കൂട്ടുകാര്‍ക്കൊപ്പം അരയിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അരയി വട്ടത്തോട് മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വേങ്ങൂര്‍ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്.
ഇടുക്കി മറയൂര്‍ കോവില്‍ക്കടവില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. പാമ്പാര്‍ സ്വദേശി രാജന്‍ (57) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.