ശോഭ സുരേന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി: ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമർഷം; അച്ചടക്ക നടപടി വരുന്നു
എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ വിവാദത്തില്‍ ബിജെപിയില്‍ അതൃപ്തി. വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലാണ് സംസ്ഥാന ദേശീയ നേതൃത്വത്തിനുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശോഭയുടെ വെളിപ്പെടുത്തല്‍ അനവസരത്തിലാണെന്ന വിലയിരുത്തുന്ന പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ അച്ചടക്ക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശോഭയുടെ തുറന്നു പറച്ചിലും തുടര്‍ന്നുണ്ടായ വിവാദങ്ങളും ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിച്ചേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിവാദങ്ങള്‍ പാര്‍ട്ടിയോട് താല്‍പര്യമുള്ള മറ്റ് പാര്‍ട്ടികളിലെ നേതാക്കളുടെ നിലപാടില്‍ മാറ്റം ഉണ്ടാക്കിയേക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. കൂടാതെ പണവും പദവിയും വാഗ്ദാനം ചെയ്ത് പാര്‍ട്ടി നേതാക്കളെ ചാക്കിട്ടുപിടിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് ശോഭയുടെ പ്രതികരണമെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ശോഭാ സുരേന്ദ്രന്റെ പ്രതികരണങ്ങളോട് ബിജെപി നേതാക്കളുടെ സമീപനത്തിലും ഈ നിലപാട് വ്യക്തമായിരുന്നു. ചര്‍ച്ചകള്‍ പാര്‍ട്ടി അറിവോടെമാത്രമാണ് എന്നായിരുന്നു വിഷയത്തോട് പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടി ചുമതലുള്ള പ്രഭാരി പ്രകാശ് ജാവദേക്കറും ശോഭയുടെ വെളിപ്പെടുത്തലുകളോട് കൂടുതല്‍ അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നതും ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായ ടി ജി നന്ദകുമാറുമായുള്ള ശോഭ സുരേന്ദ്രന്റെ അടുപ്പം സംബന്ധിച്ച് വിഷയത്തില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പോലും അറിയിക്കാതെയാണ് കേരളത്തിലെ മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയില്‍ എത്തിക്കാന്‍ കേന്ദ്ര നേതൃത്വം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ വിവാദങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വിവാദങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി വിലയിരുത്തല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പ്രകാശ് ജാവദേക്കര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സമര്‍പ്പിക്കും.
തിരഞ്ഞെടുപ്പിലെ കേരളത്തിലെ ബിജെപി പ്രകടനം ഉള്‍പ്പെടെ വിലയിരുത്താന്‍ പ്രകാശ് ജാവദേക്കറിന്റെ അധ്യക്ഷതയില്‍ മെയ് 7 ന് ചേരുന്ന യോഗവും വിവാദം സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിജെപിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ഭാഗമായിരുന്നു താനെന്ന വെളിപ്പെടുത്തലും ശോഭാ സുരേന്ദ്രന്‍ നടത്തിയിരുന്നു. 2023 ല്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്റെ അധ്യക്ഷതയിലായിരുന്നു ഈ കമ്മിറ്റി പ്രവര്‍ത്തിച്ചത്. കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രനും അംഗമായിരുന്നു. എന്നാല്‍ 2023 ഡിസംബറോടെ ഈ കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.