അപൂര്‍വ കത്തുകള്‍ പ്രദര്‍ശനത്തിന്; ഒരു കാലഘട്ടം അനാവരണം ചെയ്യുന്നു

അപൂര്‍വ കത്തുകള്‍ പ്രദര്‍ശനത്തിന്; ഒരു കാലഘട്ടം അനാവരണം ചെയ്യുന്നു
ഷാര്‍ജ | കല്‍ബയിലെ ചരിത്രപ്രസിദ്ധമായ ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി മ്യൂസിയത്തില്‍ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ‘ലെറ്റേഴ്സ് എക്‌സ്‌ചേഞ്ച്: കറസ്പോണ്ടന്റ്‌സ് ഓഫ് ശൈഖ് സഈദ് ആന്‍ഡ് ഫാമിലി’ കത്തിടപാടുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കും. കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും തുറന്ന 125 വര്‍ഷം പഴക്കമുള്ള വീട്ടിലാണ് അതുല്യമായ പ്രദര്‍ശനം.

ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമിയും കുടുംബവും സുഹൃത്തുക്കളും പരിചയക്കാരും തമ്മില്‍ കൈമാറിയ അപൂര്‍വ കത്തുകളുടെ ശേഖരത്തിന്റെ ആദ്യ പൊതു പ്രദര്‍ശനമാണിത്. കല്‍ബയിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ഉപ മേധാവി ശൈഖ് ഹൈതം ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഷാര്‍ജ മ്യൂസിയം അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഐശ റാശിദ് ദീമാസ്, യഹ്യ കല്‍ബ ചെയര്‍മാന്‍ അബ്ദുല്ല ഗാനിം അല്‍ സാബി തുടങ്ങിയവര്‍ സന്നിഹിതരായി. കല്‍ബ ഭരണാധികാരിയായിരുന്നു ശൈഖ് സഈദ് ബിന്‍ ഹമദ് ബിന്‍ മാജിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, മകള്‍ ശൈഖ ഐശ ബിന്‍ത് സഈദിനും ബന്ധുവായ ശൈഖ ബിന്‍ത് സൈഫ് അല്‍ അബ്ദുളിനും അയച്ച ഹൃദയസ്പര്‍ശിയായ സന്ദേശങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ശൈഖ് സഈദിന്റെ മാതാവും ശൈഖ ബിന്‍ത് സൈഫ് അല്‍ അബ്ദുലിയുടെ അമ്മായിയുമായ ലത്തീഫ ബിന്‍ത് അലി ബിന്‍ ദര്‍വീശ്, അവരുടെ ചെറുമകള്‍ ഐശ ബിന്‍ത് സഈദിന് അയച്ച കത്തും പ്രദര്‍ശനത്തിലുണ്ട്. ഈ പ്രത്യേക കത്ത് ഷാര്‍ജ പൈതൃകത്തിന്റെ മുഖമുദ്രയായ ശക്തമായ കുടുംബബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. തന്റെ കൊച്ചുമകന്റെ ജനനത്തെക്കുറിച്ചുള്ള മുത്തശ്ശിയുടെ സന്തോഷം പകര്‍ത്തുന്നു. ശൈഖ് സഈദിന്റെയും സമകാലികരുടെയും സാംസ്‌കാരികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ഈ കൈയെഴുത്തു കത്തുകള്‍ അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു.

അഗാധമായ കുടുംബ ബന്ധങ്ങള്‍, പരസ്പര പരിചരണം, ബഹുമാനം എന്നിവയും അവര്‍ ശക്തമായി ചിത്രീകരിക്കുന്നു. കത്തുകള്‍ കൂടാതെ, സ്ത്രീകളുടെ വസ്ത്രങ്ങള്‍, വ്യക്തിഗത അലങ്കാര സാമഗ്രികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വസ്തുക്കള്‍ പ്രദര്‍ശനത്തിലുണ്ട്. ഈ കത്തുകളുടെ ശേഖരം ദര്‍വീശ് കുടുംബത്തിലെ അബ്ദുല്‍ അസീസ് ബിന്‍ ദര്‍വീശിയാണ് അധികൃതര്‍ക്ക് കൈമാറിയത്.
Previous Post Next Post