രൂക്ഷമായ ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കണം; കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നിവേദനം നല്‍കി
രൂക്ഷമായ ജലക്ഷാമം നേരിടുന്ന കടങ്ങോട് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. വേനല്‍ കടുത്ത സാഹചര്യത്തില്‍ വാര്‍ഡുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തുന്ന ജലവിതരണം മതിയാകാത്ത അവസ്ഥയാണ്. പല വീടുകളിലും കിണറുകള്‍ വറ്റി വരണ്ടതിനാല്‍ അടിസ്ഥാന കാര്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത സാഹചര്യമാണ്.
ഓരോ വാര്‍ഡുകളിലും വെള്ളം ആവശ്യമായ 400 ല്‍ പരം വീടുകളുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ രൂക്ഷമായ വെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ മൂന്ന് തവണയെങ്കിലും വെള്ളമെത്തിക്കണമെന്നും 18 വാര്‍ഡുകളിലും ജലവിതരണത്തിന് കൂടുതല്‍ പ്രദേശങ്ങള്‍ അനുവദിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമര നടപടികള്‍ക്ക് രൂപം നല്‍കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം പറഞ്ഞു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി യാവുട്ടി ചിറമനേങ്ങാട്,മണ്ഡലം വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, സെക്രട്ടറി എ.കെ.കരീം, അബ്ദുള്‍ മജീദ് മാസ്റ്റര്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദീപ രാമചന്ദ്രന്‍ എന്നിവരും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിവേദനം നല്‍കാനെത്തിയിരുന്നു.