പാര്‍ട്ട് ടൈം ജോലി തട്ടിപ്പില്‍ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട് ഇന്ത്യന്‍ പ്രവാസി

പാര്‍ട്ട് ടൈം ജോലി തട്ടിപ്പില്‍ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട് ഇന്ത്യന്‍ പ്രവാസി
ദുബൈ | ‘നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയില്‍ താത്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. ഒരു ടാസ്‌ക്കിന് ഞങ്ങള്‍ 10 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ നല്‍കുന്നു. പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാം. വാട്ട്‌സ്ആപ്പിലോ സാധാരണ എസ് എം എസ് ആയോ ഇതുപോലുള്ള ഒരു സന്ദേശം ലഭിച്ചാല്‍ ഒരു നിമിഷം നാമൊക്കെ ഒന്ന് ആവേശഭരിതനായിപ്പോകും. ജീവിതച്ചെലവ് വര്‍ധിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ഉടന്‍ മറുപടി നല്‍കും.

എന്നാല്‍ ഓര്‍ക്കുക, അതൊരു ശുദ്ധ തട്ടിപ്പാണ്. നൂറുകണക്കിനാളുകളാണ് ദിനംപ്രതി അധിക വരുമാനം മോഹിച്ച് ഈ തട്ടിപ്പില്‍ പെട്ടുപോകുന്നത്. അത്തരമൊരു തട്ടിപ്പിലാണ് ദുബൈയിലെ ഒരു ഹോട്ടല്‍ നടത്തിപ്പുകാരിയായ റേച്ചല്‍ (പേര് യഥാര്‍ഥമല്ല) പെട്ടത്. തട്ടിപ്പ് പദ്ധതിയില്‍ ചേര്‍ന്നതോടെ തന്റെ മുഴുവന്‍ സമ്പാദ്യമായ 66,000 ദിര്‍ഹം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുള്ള കടുത്ത വിഷമത്തിലാണ് അവര്‍.

‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു. ഇത് പൂര്‍ണമായും എന്റെ തെറ്റാണ്. എനിക്ക് എന്റെ ഫണ്ട് തിരികെ ലഭിക്കില്ലെങ്കിലും മറ്റുള്ളവര്‍ ഈ റാക്കറ്റില്‍ വീഴുന്നത് തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ എന്ന ആമുഖത്തോടെയാണ് അവര്‍ അനുഭവം പങ്കുവെക്കുന്നത്.

തട്ടിപ്പിന്റെ വഴി ഇങ്ങനെ:
‘പദ്ധതിയില്‍ ചേര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ലളിതമായ ഡിജിറ്റല്‍ ടാസ്‌ക്കുകളുടെ ആദ്യ സെറ്റ് പൂര്‍ത്തിയാക്കി. ഒരു ക്രിപ്റ്റോ വാലറ്റ് വഴി 175 ദിര്‍ഹം എന്റെ ബേങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതോടെ ഇത് സത്യമാകുമെന്ന് ഉറപ്പിച്ചു. തനിക്ക് വലിയ നഷ്ടങ്ങള്‍ക്കാണ് സാഹചര്യമൊരുങ്ങിയിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. തുടക്കത്തില്‍, ടാസ്‌ക്കുകള്‍ ഉയര്‍ന്ന കമ്മീഷനുകള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് വാലറ്റ് ടോപ്പ് അപ്പ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. 488 ദിര്‍ഹം നല്‍കിയപ്പോള്‍ കമ്മീഷനായി 350 ദിര്‍ഹം ലഭിച്ചു. ജോലികള്‍ തുടര്‍ന്നു. ടാസ്‌ക്കുകള്‍ പൂര്‍ത്തിയാക്കി പണം പിന്‍വലിക്കാമെന്നാണ് ഞാന്‍ കരുതിയത്. 99,000 ദിര്‍ഹം കമ്മീഷനായി പ്രതീക്ഷിച്ച് 46,000 ദിര്‍ഹം അടച്ചു. ഫണ്ട് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, 20,000 ദിര്‍ഹം നികുതി അടയ്ക്കാന്‍ പറഞ്ഞു. എന്റെ പണം തിരികെ ലഭിക്കാന്‍ ഞാന്‍ നികുതിയും അടച്ചു. ഫണ്ട് റിലീസ് ചെയ്യുന്നതിനു പകരം, തട്ടിപ്പുകാര്‍ പുതിയ 60 ടാസ്‌ക്കുകള്‍ നല്‍കി. അവ പൂര്‍ത്തിയാക്കാത്തതിനാല്‍ ഫണ്ട് പിന്‍വലിക്കാന്‍ കഴിയാതെയായി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്.’- അവര്‍ വിശദീകരിച്ചു.


മുന്നറിയിപ്പ്
അടുത്തിടെ, റാസ് അല്‍ഖൈമ പോലീസ് ഈ വഞ്ചനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എ ഐ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് എസ് ഇ കെ പറയുന്നതനുസരിച്ച്, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇരകളില്‍ നിന്ന് ഇതിനകം ഏകദേശം 400 ദശലക്ഷം ദിര്‍ഹം ഇത്തരത്തില്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്തിട്ടുണ്ട്.
Previous Post Next Post