ഔദ്യോഗിക പ്രഖ്യാപനമെത്തി;ബാഴ്‌സയില്‍ ഇനി 'ഫ്ലിക്ക് യുഗം'

ഔദ്യോഗിക പ്രഖ്യാപനമെത്തി;ബാഴ്‌സയില്‍ ഇനി 'ഫ്ലിക്ക് യുഗം'
മാഡ്രിഡ്: ബാഴ്‌സലോണ എഫ്‌സിയുടെ പുതിയ കോച്ചായി ജര്‍മ്മനിയുടെ മുന്‍ പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് നിയമിക്കപ്പെട്ടു. ബാഴ്‌സലോണയുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് ഫ്ലിക്ക് ഒപ്പുവെച്ചത്. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മുന്‍ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് പകരക്കാരനായാണ് ഫ്ലിക്ക് എത്തിയത്. സാവിയെ പുറത്താക്കിയപ്പോള്‍ തന്നെ പരിശീലക സ്ഥാനത്തേക്ക് ഫ്ലിക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുകളുണ്ടായിരുന്നു. ജര്‍മ്മന്‍ ദേശീയ ടൂമിന്റെയും ബയേണ്‍ മ്യൂണികിന്റെ മുന്‍ പരിശീലകനാണ് 59കാരനായ ഹാന്‍സി ഫ്ലിക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിരവധി ക്ലബുകള്‍ ക്ഷണിച്ചിരുന്നെങ്കിലും ഈ വാഗ്ദാനങ്ങള്‍ ഫ്‌ലിക്ക് നിഷേധിക്കുകയായിരുന്നു.
ഈ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് സാവിയെ ക്ലബ് പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ ലാ ലീഗ കിരീടം സാവിയുടെ കീഴില്‍ ബാഴ്സ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാകാനെ സ്പാനിഷ് വമ്പന്മാര്‍ക്ക് കഴിഞ്ഞുള്ളു. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബാഴ്സ വീണത്.
സീസണ്‍ അവസാനത്തോടെ സ്പാനിഷ് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച സാവി തീരുമാനം മാറ്റിയെന്നും കോച്ചായി തുടരുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാവിയെ നിലനിര്‍ത്തുന്നതില്‍ ബാഴ്സ പ്രസിഡന്റ് ലാപോര്‍ട്ടയുടെ അതൃപ്തിയും സാവിയുടെ പുറത്തുപോകലിന് കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരിയിലായിരുന്നു ബാഴ്സ വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. ക്ലബിനെ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ക്ലബ് വിടുന്നതെന്നായിരുന്നു സാവിയുടെ വിശദീകരണം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സാവിയും ലാപോര്‍ട്ടയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് ബാഴ്സ കോച്ചായി ഇതിഹാസ താരം തുടരുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ അല്‍മേരിയയുമായുള്ള മത്സരത്തിന് മുന്‍പ് സാവി നടത്തിയ ചില പ്രസ്താവനകളില്‍ ലാപോര്‍ട്ട അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 നവംബറിലാണ് ബാഴ്സ പരിശീലകനായി സാവി എത്തുന്നത്. 2022-23 സീസണില്‍ ബാഴ്സയെ സ്പാനിഷ് ലീഗിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. എങ്കിലും ഈ സീസണില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് കറ്റാലന്‍ സംഘം. 1998 മുതല്‍ 2015 വരെ സാവി ബാഴ്സയില്‍ കളിച്ചിരുന്നു. ബാഴ്സയുടെ സുവര്‍ണ കാലഘട്ടത്തിലെ നിര്‍ണായക സാന്നിധ്യമാണ് സാവി ഹെര്‍ണാണ്ടസ്.
Previous Post Next Post