ഈഫല്‍ ടവര്‍ കയറാന്‍ ചിലവേറും; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്
പാരീസ് എന്ന മഹാനഗരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്ന രൂപമാണ് ഈഫല്‍ ടവറിന്റേത്. ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള ഒരിടമായി പാരീസ് മാറിയത് പിന്നില്‍ ഈഫലിന്റെ പ്രശസ്തി വഹിച്ച പങ്ക് ചെറുതല്ല. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അതിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഈ ടവര്‍. ഗുസ്റ്റാവേ ഈഫല്‍ എന്ന ഡിസൈനറിന്റെയും
അദ്ദേഹത്തിന്റെ 200-ഓളം വരുന്ന ജോലിക്കാരുടേയും അധ്വാനമാണ് ഈ കമാനത്തിന്റെ ചാരുതയ്ക്ക് പിന്നില്‍. അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ഈ സ്മാരകത്തിനും ഈഫല്‍ എന്ന തന്നെ പേരും നല്‍കി.
എന്നാലിപ്പോള്‍ പുറത്തേക്ക് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈഫല്‍ ടവറിന് മുകളില്‍ കയറാന്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. ഈഫലിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധവ് ഉണ്ടായിരിക്കുന്നത്. ഇരുപത് ശതമാനമാണ് നിരക്ക് വര്‍ധനവ്. ഈഫല്‍ ടവറിനുള്ള നവീകരണ ചിലവ് കാരണമാണ് ടിക്കറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുകളിലേക്കുള്ള എലവേറ്റര്‍ റൈഡുള്‍പ്പടെയുള്ള ടിക്കറ്റ് നിരക്ക് നേരത്തെ 29.40 യൂറോ ആയിരുന്നത് 35.30 യൂറോ ആയാണ് വര്‍ധിച്ചത്. 12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ ടിക്കറ്റ് നിരക്ക് 17.70 യൂറോ ആയും 4 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളുടേത് 8.90 യൂറോ ആയും വര്‍ധിച്ചു. വര്‍ഷത്തില്‍ എല്ലാദിനവും തുറക്കുന്ന ഈഫല്‍ ഗോപുരം കാണാന്‍ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്. ഏതാനും മാസങ്ങള്‍ക്കകം പാരീസില്‍ ഒളിമ്പിക്സ് ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈഫല്‍ ഗോപുരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടെ മുന്നില്‍കണ്ടുകൊണ്ടാണ് നിരക്കുവര്‍ധനവ്.