കമലാ സുരയ്യ അടിസ്ഥാനപരമായി കവിയായിരുന്നു-സച്ചിദാനന്ദൻ
പുന്നയൂർക്കുളം : കഥകൾ എഴുതുമ്പോഴും അടിസ്ഥാനപരമായി കവിയായിരുന്നു കമലാ സുരയ്യയെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. പുന്നയൂർക്കുളത്ത് സാഹിത്യ അക്കാദമി നടത്തിയ കമലാ സുരയ്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ ഭാഷാപരമായി ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്ന എഴുത്തുകാരിയാണവർ. വാക്കുകളുടെ ഈ പരിമിതി തന്റെ ശൈലിയാക്കിമാറ്റുകയും ശക്തമായ ആഖ്യാനരീതി കൊണ്ടുവരുകയും ചെയ്തെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷയായി. സി.പി. അബൂബക്കർ, അശോകൻ ചരുവിൽ, അനിതാ തമ്പി, ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വി.കെ. ശിവദാസ് വരച്ച കമലാ സുരയ്യയുടെ ഛായാചിത്രം അക്കാദമിക്ക് കൈമാറി. സർഗവസന്തം സാഹിത്യ ശില്പശാലയും നടന്നു.