കനത്ത മഴ; സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

കനത്ത മഴ; സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് പെയ്ത മഴയില്‍ പലയിടത്തും കനത്ത നാശനഷ്ടം. കിള്ളിയാര്‍ കരകവിഞ്ഞു. തിരുവനന്തപുരം ജഗതി-ബണ്ട് റോഡ് മേഖല വെള്ളത്തിലായി. റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മണ്ണാന്‍മൂലയിലും വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

നെടുമങ്ങാട് പത്താംകല്ലില്‍ ഒഴുക്കില്‍പെട്ട പോത്തിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇടമറുകില്‍ ഉരുള്‍പൊട്ടലുണ്ടായി. ഈരാറ്റുപേട്ടക്കടുത്ത് ഇടമറുക് ചോലക്കല്ല് മലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. റോഡുകളില്‍ വെള്ളം കയറി.

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട മൂന്നിലവ് രണ്ടാറ്റുമുന്നി റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഗമണ്‍ റോഡില്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.

കാസര്‍കോട് മംഗള്‍പാടി ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കുമേല്‍ മരം വീണു. മൂന്ന് ഓട്ടോറിക്ഷകള്‍ക്കും അഞ്ച് ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു.

ഫോര്‍ട്ട് കൊച്ചിയില്‍ മീന്‍പിടിത്ത ബോട്ട് തകര്‍ന്നു. അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടു. മുണ്ടംവേലിയില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.
Previous Post Next Post