മുഹമ്മദ് ബിന്‍ സായിദ് കൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബൂദബി | പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യുളുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ സോളിലെ ചരിത്രപ്രസിദ്ധമായ ചാങ്‌ഡോക്ക് കൊട്ടാരത്തില്‍ ഇരുവരും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം പങ്കിട്ടു. പരസ്പരം ശക്തിപ്പെടുത്താനുള്ള താത്പര്യവും പ്രകടിപ്പിച്ചു.
പരമ്പരാഗത കൊറിയന്‍ ശൈലിയില്‍ ചായ വിളമ്പി ആതിഥ്യമരുളുന്ന ചടങ്ങില്‍ പ്രസിഡന്റും അദ്ദേഹത്തെ അനുഗമിക്കുന്ന ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്തു. കൊട്ടാരം പൂന്തോട്ടവും സന്ദര്‍ശിച്ചു. പ്രത്യേക അത്താഴവിരുന്നിലും പങ്കെടുത്തു.
ലോകജനതകള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെയും സൗഹൃദത്തിന്റെയും പാലങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും പങ്ക് എടുത്തുപറഞ്ഞ്, പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നതില്‍ സൗഹൃദമുള്ള കൊറിയന്‍ ജനത നല്‍കുന്ന ശ്രദ്ധയെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. സിയോളില്‍ കൊറിയന്‍ വ്യവസായ പ്രമുഖരുമായും സംരംഭകരുമായും യു എ ഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.