സി പി എം സാമ്പത്തിക ഇടപാടില്‍ പിഴവില്ല; ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നം: എം എം വര്‍ഗീസ്
തൃശൂര്‍ | സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് സാമ്പത്തിക ഇടപാടില്‍ ഒരു പിഴവും ഇല്ലെന്നും ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നും സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വ്യക്തമാക്കി.
AAATC0400A എന്നതാണ് ശരിയായ പാന്‍ നമ്പര്‍. സി പി എമ്മിന്റെ പാന്‍ നമ്പര്‍ കേന്ദ്ര കമ്മിറ്റിയുടേതാണ്. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയത്. എന്നാല്‍ ഇതില്‍ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്‌നമായിരിക്കുന്നത്. ബാങ്കിന്റെ വീഴ്ച കൊണ്ട് പാന്‍ നമ്പര്‍ തെറ്റായി എന്റര്‍ ചെയ്യപ്പെട്ടു. പാന്‍ നമ്പര്‍ തെറ്റാണെന്ന് അറിയില്ലായിരുന്നു. 30 വര്‍ഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം വിശദമാക്കി.
ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കില്‍ നിന്ന് നേരത്തെ പിന്‍വലിച്ച ഒരു കോടി രൂപ ബാങ്കില്‍ കൊണ്ടുവന്നത്. ഈ പണമാണ് പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചത്. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നിയമ വിധേയ ചെലവുകള്‍ക്ക് ഏപ്രില്‍ രണ്ടിന് ബാങ്കില്‍ നിന്ന് ഒരു കോടിരൂപ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് ബാങ്കില്‍ പരിശോധനക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടി എന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു. ശേഷം ആദായ നികുതി വകുപ്പ് തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. പിന്‍വലിച്ച ഒരു കോടിയുമായി ഇന്നലെ മൂന്നു മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്. ഇത് പ്രകാരമാണ് പണവുമായി ബാങ്കിലെത്തിയതെന്നും എം എം വര്‍ഗീസ് പറഞ്ഞു.
പാന്‍ നമ്പര്‍ തെറ്റായി ബന്ധിപ്പിച്ചത് ബാങ്കിന്റെ ഭാഗത്തു നിന്ന് വീഴ്ച പറ്റി എന്ന് കാണിച്ച് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി വിവരിച്ചു. പാര്‍ട്ടിയുടെ അക്കൗണ്ട് സുതാര്യമാണ്. മറയ്ക്കാനൊന്നുമില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിച്ചത് മുകളില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണെന്നും പിടിച്ചെടുത്ത തുക തിരിച്ചു കിട്ടാന്‍ നിയമപരമായ ശ്രമം തുടരും.