കോട്ടയം പായിപ്പാട് പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം | സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാട് പഞ്ചായത്തില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പുത്തന്‍പുരയില്‍ ഔസേപ്പ് മാത്യു എന്ന കര്‍ഷകന്റെ താറാവുകള്‍ കഴിഞ്ഞദിവസമാണ് കൂട്ടത്തോടെ ചത്തത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഔസേപ്പ് അഞ്ചരമാസം പ്രായമുള്ള 18,000 താറാവുകളെയാണ് വളര്‍ത്തിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇവയെ ദയാവധത്തിന് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.