കേരളത്തില്‍ മൃഗബലി നടക്കില്ല; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി
തിരുവനന്തപുരം | കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരളത്തില്‍ ശത്രുഭൈരവ യാഗം നടന്നുവെന്നും ഇതിനായി 52 മൃഗങ്ങളെ ബലിനല്‍കിയെന്നുമായിരുന്നു ഡി കെ ശിവകുമാര്‍ ആരോപിച്ചത്. ഈ ആരോപണം കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ശികുമാറിന്റെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് ഡി കെ ശിവകുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നും കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിലെന്നും ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നും ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി പൂജകളില്ലെന്നും ഇത്തരമൊരു പ്രസ്താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ക്ഷേത്രം അധികൃതരും പ്രതികരിച്ചു.
ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകള്‍ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കര്‍ണാടകത്തില്‍ നിന്ന് നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് ഇവിടെ പ്രധാനം. എന്നാല്‍ മൃഗബലി ഇവിടെയില്ല. എന്നാല്‍ പൂജാരിമാരില്‍ ചിലര്‍ വീടുകളില്‍ പ്രത്യേക പൂജ നടത്താറുണ്ടെന്നും എന്നാല്‍ അവിടെ ഇത്രയും വിപുലമായ മൃഗബലിയുള്‍പ്പെടെ നടന്നതായി വിവരമില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു