ഇടിമിന്നലില്‍ കേടായ കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കി
ആലപ്പുഴ | ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിലെ സി സി ടിവി കാമറകള്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ് കോളജില്‍/സ്‌കൂളില്‍ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സി സി ടി വി കാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും തകരാറിലായത്.
ആലപ്പുഴ എച്ച് പി സിയുടെ കൗണ്ടിങ് സെന്ററായ സെന്റ് ജോസഫ്സ് കോളജില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായ ഇടിമിന്നലില്‍ 169 എണ്ണത്തിന് വിവിധ തരം തകരാറുകള്‍ സംഭവിച്ചിരുന്നു. ഇതില്‍ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട കാമറകള്‍ ഇന്നലെ രാത്രി തന്നെ പ്രവര്‍ത്തനക്ഷമമാക്കി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഐ ടി മിഷന്റെ ടെക്നീഷ്യന്മാാരും സ്ഥലത്തെത്തിയാണ് ഇത്രയും കാമറകളുടെ തകരാര്‍ മണിക്കൂറുകള്‍ക്കകം പരിഹരിച്ചത്. ഇന്ന് രാവിലെയോടെ എല്ലാ കാമറകളും പൂര്‍വ സ്ഥിതിയിലായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ രക്ഷാ ചാലകങ്ങള്‍ സ്ഥാപിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.